മാനന്തവാടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാനങ്ങളിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷക സംഘം പ്രതിനിധികളുമായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ വനസൗഹൃദ സദസ്സ് ശ്രദ്ധേയമായി. വനാതിര്‍ത്തിയില്‍ സൗഹാര്‍ദ്ധ അന്തരീക്ഷം സൃഷ്ടിക്കാനായി വന സൗഹാര്‍ദ്ധ സദസ്സ് ആരംഭിച്ച വനം വകുപ്പിനെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനവുമായ് ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ പ്രതിനിധികള്‍ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചു. തിരുനെല്ലി, തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം എന്നീ പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍, പട്ടയ വിഷയം, ആര്‍.ആര്‍.ടിയുടെ സേവനം, നഷ്ടപരിഹാരം നല്‍കല്‍, മാവോയിസ്റ്റ് ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ സദസ്സില്‍ ചര്‍ച്ചയായി. തദ്ദേശീയ വൃക്ഷങ്ങള്‍ വനത്തില്‍ വെച്ചു പിടിപ്പിക്കണമെന്നും കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് ഗുണകരമാകുന്ന രീതിയില്‍ ഇടപെടലുണ്ടാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ക്കുളള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നു.

വന്യജീവി ശല്യ പരിഹാരത്തിന് വയനാട് ജില്ലക്ക് മാത്രമായി പ്രത്യേകം പദ്ധതി തയ്യാറാക്കിയതായും നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ചര്‍ച്ചക്ക് മറുപടിയായി മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. ബാക്കിയുള്ളവയില്‍ സമയബന്ധിതമായി മറുപടി നല്‍കുമെന്നും മുഖ്യ വനം മേധാവി വ്യക്തമാക്കി.

വന സൗഹൃദ സദസില്‍ 10 പരാതികള്‍ മന്ത്രിക്ക് മുമ്പാകെ ജനപ്രതിനിധികള്‍ സമര്‍പ്പിച്ചു. വന സൗഹ്യദ സദസ്സിനായി പ്രത്യേകം ഒരുക്കിയ കൗണ്ടറിലൂടെ 16 പരാതികളും ലഭിച്ചു. വന്യ ജീവി ശല്യത്താല്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ചര്‍ച്ചയില്‍ ജനപ്രതിനിധികളായ പി.വി ബാലകൃഷ്ണന്‍, എല്‍സി ജോയ്, പി.എം ആസ്യ, എ.കെ ശങ്കരന്‍, ജംസീറ ഷിഹാബ്, വി.കെ സല്‍മത്ത്, അബ്ദുള്‍ ആസിഫ്, കര്‍ഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് വനാതിര്‍ത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളിലായാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്. 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്. വിവിധ ഓഫീസുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ, വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍നിന്ന് സ്വീകരിക്കല്‍, വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണം നല്‍കല്‍ എന്നിവയാണ് വന സൗഹൃദ സദസ്സില്‍ നടക്കുക.