തീരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘തീരസദസ്സി’നു മുന്നോടിയായുള്ള മണ്ഡലത്തിലെ ഒരുക്കങ്ങള്‍ തുടങ്ങി.

തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവരെ ചേര്‍ത്തുപിടിക്കാനുമായി നടത്തുന്ന തീരസദസ്സ് വൈപ്പിന്‍ മണ്ഡലത്തില്‍ അടുത്ത മാസം ആറിന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെയാണ് നടക്കുന്നത്. ആദ്യത്തെ രണ്ടു മണിക്കൂര്‍ ജനപ്രതിനിധികളുമായി ചര്‍ച്ചയും തുടര്‍ന്നുള്ള രണ്ടു മണിക്കൂറില്‍ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവും എന്ന നിലയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് ആധാരമാക്കി, പ്രാദേശിക പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ചുവടുവെപ്പാണ് തീരസദസ്സ്.

മത്സ്യത്തൊഴിലാളികളുടെ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്സൈറ്റില്‍ നേരിട്ടോ മത്സ്യഭവനുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖേനയോ ഈ മാസം പതിനഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇവ സംബന്ധിച്ചാണ് തീരസദസ്സില്‍ തീര്‍പ്പാക്കുക.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 47 തീരദേശമണ്ഡലങ്ങളില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന തീരസദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ പൊഴിയൂരില്‍ നിര്‍വ്വഹിക്കും. മെയ് 25നു മഞ്ചേശ്വരത്താണ് സമാപനം. ഒരു ദിവസം രണ്ടു മണ്ഡലങ്ങളിലായാണ് തീരസദസ്സ് നടത്തുന്നത്.