ആധാര്‍ എടുക്കാം, തെറ്റ് തിരുത്താം, രേഖകളുമായെത്തുന്നവര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനവും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആധാര്‍ എടുക്കാനും തെറ്റ് തിരുത്താനും രേഖകളുമായെത്തുന്നവര്‍ക്ക് ഡിജിലോക്കര്‍ സൗകര്യങ്ങളുമൊരുക്കി ഐ.ടി വിഭാഗം. ആധാര്‍ എടുക്കുന്നതിന് വോട്ടര്‍ ഐ.ഡി, ഫോട്ടോ ഉള്ള പാസ്ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു രേഖ നല്‍കണം. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും അച്ഛന്റെയോ അമ്മയുടെയോ അസല്‍ ആധാറും ബയോമെട്രിക് ഇംപ്രഷനും വേണം.
നിലവിലെ ആധാര്‍ കാര്‍ഡിലുള്ള വിവരങ്ങളില്‍ മാറ്റം വരുത്താനും തെറ്റുകള്‍ തിരുത്താനും മേളയില്‍ സാാധിക്കും. എന്താണോ തിരുത്തേണ്ടത് അത് കൃത്യമായി സൂചിപ്പിച്ച് അതിന്റെ അസല്‍ രേഖയുമായി എത്തിയാല്‍ ആധാറിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കും. ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ആധാര്‍ നമ്പറും നിലവിലെ ആധാര്‍ കാര്‍ഡും നല്‍കണം. ആധാര്‍ ഉള്ള വ്യക്തികള്‍ക്ക് അവരുടെ കൈയ്യിലെ മറ്റു രേഖകളായ വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ സ്‌കാന്‍ ചെയ്ത് ഡിജിലോക്കറിലേക്ക് ആക്കാനുള്ള സജ്ജീകരണവും മേളയില്‍ ഐ.ടി വിഭാഗം ഒരുക്കുന്നു. മേള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുക. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.