തൃത്താല നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നീന്തല്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്‍ലൈറ്റിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനം പറക്കുളം സി.എസ്. സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കുക എന്നത് ക്യാമ്പയിനായി എടുക്കുകയാണ്. സുരക്ഷിതമായി നീന്തല്‍ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നീന്തല്‍ സൗകര്യം നടപ്പാക്കും.
വിദ്യാഭ്യാസം പുസ്തകം മാത്രമല്ല കുട്ടികളുടെ സമഗ്രമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതുകൂടിയാണ്. ഇതിന്റെ ഭാഗമായാണ് തൃത്താലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എന്‍ലൈറ്റ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നൂറിലധികം കുട്ടികള്‍ ആദ്യ ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.