വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുളള സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിന്റെ രണ്ടാം ഘട്ടം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുമായി വനം വകുപ്പ് മുന്നോട്ടുപോകുകയാണ്. പൊതു സമൂഹവും ആവശ്യമായ പിന്തുണ നല്‍കണം. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വനാന്തരങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും പരിശോധിച്ച് വരികയാണ്. വന ശോഷണം തടയുന്നതിനും വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ക്കും വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വനാശ്രിതരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ യുവതീ യുവാക്കളടങ്ങുന്ന 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് ലോക വനദിനത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിച്ചത്. അതില്‍ 170 പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. വനം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് സംസ്ഥാനത്ത് നടത്തുന്ന വനസൗഹൃദ സദസ്സുകള്‍. വന സൗഹൃദ സദസ്സ് പോലെ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ തീരദേശ സദസ്സും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.