• ജി-20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഇതോടൊപ്പം ഒൻപത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
  • ഏപ്രിൽ നാലിന് യോഗത്തോടനുബന്ധിച്ച് മറ്റ് പ്രവർത്തനങ്ങളും നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ ഏഴ് സെഷനുകളാണ് ഉള്ളത്. ഇന്ത്യയുടെ ജി-20 മുൻഗണനകളിൽ ഉൾപ്പെട്ടിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തുക, വനിതകളുടെ നേതൃത്വത്തിൽ വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകികൊണ്ടുള്ളതാണ് സെഷനുകൾ.
  • പ്രതിനിധികൾക്കായി യോഗയും കേരളത്തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും. ഇതോടൊപ്പം  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ  സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ ആശയങ്ങൾ ഉൾപ്പെട്ട  പ്രദർശനവും ഉണ്ടാകും. അതിഥികൾക്ക് തദ്ദേശീയമായി നിർമ്മിച്ച കളിപ്പാട്ടങ്ങൾ, സ്ത്രീകൾ തയ്യാറാക്കിയ കൈത്തറി കരകൗശല വസ്തുക്കൾ, ആയുർവേദ എണ്ണകൾ, ആയുഷ് മന്ത്രാലയത്തിന്റെ മറ്റ് ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനും അവസരം ലഭിക്കും.  കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് പ്രതിനിധികൾ സന്ദർശിക്കും.
  • സാംസ്‌കാരിക പരിപാടികളുടേയും പ്രതിനിധികളുടെ സന്ദർശനങ്ങളുടെ ഏകോപനവും ആവശ്യമായ മറ്റ് ക്രമീകരണങ്ങളും സംസ്ഥാന ഗവൺമെന്റാണ് നിർവഹിക്കുന്നത്.