വടക്കന്‍ കേരളത്തിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 2.21 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഗുണ്ടര്‍ട്ട് മ്യൂസിയം വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം ഒരു നാടിന്റെ ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നു.തലശ്ശേരി ഇല്ലിക്കുന്നിലാണ് മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിത കഥ പറയുന്ന ഗുണ്ടര്‍ട്ട് മ്യൂസിയം  പ്രവര്‍ത്തിക്കുന്നത്.

4.84 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായിരുന്ന  താഴെയങ്ങാടി ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള നഗരമായിരുന്നു. താഴെയങ്ങാടിയില്‍ തെരുവോരത്ത് നടപ്പാത,വേസ്റ്റ്ബിന്‍, തെരുവുവിളക്കുകള്‍, സിസിടിവി, ഡ്രെയിനേജ് എന്നിവ ഒരുക്കി. 1.84 കോടി രൂപ ചെലവില്‍ സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ച് നവീകരണം പൂര്‍ത്തിയാക്കി. നടപ്പാത, ചുറ്റുമതില്‍, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം, ഡ്രെയിനേജ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മലബാറിന്റെ വിദ്യാഭ്യാസ പരിവർത്തനങ്ങൾക്ക് ഊടും പാവുമിട്ട   എഡ്‌വേര്‍ഡ് ബ്രണ്ണന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി ഇവിടെയാണുള്ളത്.

തലശ്ശേരി ഹെറിട്ടേജ് പദ്ധതിയില്‍ ഉള്‍പ്പെട്ട മലബാറിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയും അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ടിപ്പുവിന്റെയും പഴശ്ശിയുടെയും പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂപ്രദേശം കൂടിയാണ് മലബാര്‍. ഈ കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളും ആരാധനാ കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമാണിവിടം.  മൂന്ന്‌ കോടി രൂപ മുടക്കിയാണ് പഴശ്ശിയുടെ കുടുംബക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിനായുള്ള മ്യൂസിയം നിര്‍മ്മാണം നടത്തിയത്. ഈ ക്ഷേത്രത്തില്‍  വച്ച് മൃഗബലി നടത്തിയിട്ടാണ് പഴശ്ശി യുദ്ധത്തിനു പോയിരുന്നത്.
കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തൊടീക്കളം ശിവക്ഷേത്രം 2000 വര്‍ഷത്തിലേറെ പഴക്കമുള്ള ശിവ-വൈഷ്ണവ ചുമര്‍ ചിത്രങ്ങള്‍കൊണ്ട് പ്രസിദ്ധമാണ്. പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന ഒളിത്താവളങ്ങളിലൊന്നായിരുന്നു തൊടീക്കളം ക്ഷേത്രം. ഈ ചുമര്‍ ചിത്രങ്ങളെ  സംരക്ഷിച്ചുകൊണ്ട് 2.57 കോടി രൂപ ചെലവില്‍ ചരിത്ര മ്യൂസിയം സ്ഥാപിച്ചു. 1.93 കോടി രൂപയുടെ മക്രേരി ക്ഷേത്രത്തിന്റെയും നവീകരണവും പൂര്‍ത്തിയാവുകയാണ്. കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാവുന്ന മാറ്റമാണ് തലശ്ശേരി ഹെറിറ്റേജ് പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സാധ്യമാവുന്നത്.