വന്യമൃഗശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹോട്സ്പോട്ടുകള്‍ കണ്ടെത്തി പ്രത്യേക ടീമിനെ നിശ്ചയിക്കുന്നതടക്കമുളള പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ ചര്‍ച്ച ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം പരിഹരിക്കുന്നതിന് വയനാടിന് മാത്രമായി തയ്യാറാക്കിയ പ്രോജക്ടിന് 4 കോടിയും ഫെന്‍സിംഗിനായി കിഫ്ബി ഫണ്ടില്‍ നിന്നും 16 കോടിയും അനുവദിച്ചിട്ടുണ്ട്.
വൈത്തിരിയിലെ ജനകീയ ഫെന്‍സിംഗ് പദ്ധതി മാതൃകാപരമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. വയനാട് മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്യമാക്കുന്നതിന് ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തും. നഷ്ടപരിഹാരം നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ തദ്ദേശ സ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷക സംഘം പ്രതിനിധികളുമായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ദേവസ്വം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ നടത്തിയ വനസൗഹൃദ സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ഫെന്‍സിംഗിലെ പോരായ്മ പരിഹരിക്കണം, പിടികൂടുന്ന കടുവകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പുതിയ സങ്കേതം കണ്ടെത്തണം. ആര്‍.ആര്‍.ടിയുടെ സേവനം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും ഒരുക്കണം.ശാസ്ത്രീയ പഠനം നടത്തി മഞ്ഞക്കൊന്ന ശാസ്ത്രീയമായി ഉന്‍മൂലനം ചെയ്യാനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുന്നോട്ട് വെച്ചു. ജില്ലയില്‍ കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ സംവിധാനം ഉണ്ടാകണം. ജില്ലാ വികസന സമിതി യോഗത്തില്‍ വന്യ ജീവി ആക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കണം, കാട്ടുപന്നിയെ വെടിവെക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്ക്കൂടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം, ജില്ലയിലെ വനം വകുപ്പിന്റെ സംവിധാനങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉന്നയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനവുമായ് ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചു. വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍, പട്ടയം, ആര്‍.ആര്‍.ടിയുടെ സേവനം വര്‍ദ്ധിപ്പിക്കണം, വന സംരക്ഷണത്തിന് ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം, വനം വകുപ്പ് ഉദ്യാഗസ്ഥരുടെ ചര്‍ച്ചകളില്‍ പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണം.വളര്‍ത്തു മൃഗങ്ങളുടെ തൊഴുത്തുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം, ചെട്ട്യാലത്തൂര്‍ പ്രദേശത്തെ പ്രാദേശിക വികസനം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, തദ്ദേശ സ്ഥാപനങ്ങളിലെ ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം, ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം, മൂപ്പെനാട് പഞ്ചായത്തിലെ ചോലനായ്ക്ക വിഭാഗത്തിന്റെ പുനരധിവാസം കാര്യക്ഷമമാക്കണം, നീലിമല വ്യൂ പോയിന്റ്, മീന്‍മുട്ടി വെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കാനുള്ള സമീപനം ഉണ്ടാകണം, ബത്തേരി പുല്‍പ്പള്ളി കാനനപാതയില്‍ രാത്രികാല പെട്രോളിംഗ് നടപ്പിലാക്കണം, പുഴയുടെ ഒഴുക്ക് തടയുന്ന മരങ്ങളെ നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കണം, വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ പണിയ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തണം, കേന്ദ്ര വന നിയമം ഭേദഗതി ചെയ്യാന്‍ നിയമസഭ പ്രമേയം പാസാക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികള്‍ സദസ്സില്‍ അവതരിപ്പിച്ചു.
തദ്ദേശീയ വൃക്ഷങ്ങള്‍ വനത്തില്‍ വെച്ചുപിടിപ്പിക്കണമെന്നും കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് ഗുണകരമാകുന്ന രീതിയില്‍ ഇടപെടലുണ്ടാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, ബത്തേരി മുനിസിപ്പലിറ്റി, പഞ്ചായത്തുകളായ മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി, മേപ്പാടി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രതിനിധികളും ജില്ലാ പഞ്ചായത്ത് പ്രതിനിധി, രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക സംഘടന പ്രതിനിധികളുമാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും മറ്റുളളവയില്‍ സമയബന്ധിതമായി മറുപടി നല്‍കുമെന്നും മുഖ്യ വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കി. വന്യ ജീവി ശല്യത്താല്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
വന സൗഹൃദ സദസ്സ്: ലഭിച്ചത് 66 പരാതികള്‍
രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ 66 പരാതികള്‍ ലഭിച്ചു. മാനന്തവാടിയില്‍ നടന്ന സൗഹൃദ സദസ്സില്‍ 23 പരാതികളും ബത്തേരിയില്‍ നടന്ന സദസ്സില്‍ 43 പരാതികളും ലഭിച്ചു. 66 പരാതികളില്‍ 14 പരാതികള്‍ പരിഹരിച്ചു. 2 ദിവസങ്ങളിലായി നടന്ന വനസൗഹൃദ സദസ്സില്‍ 47 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.