ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ മുടക്കി ഏഴുനിലകളിലായി 2944. 27 ചതുരശ്രമീറ്ററിലാണ് പുതിയ മന്ദിരം പൂർത്തിയായത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റ്കസ് വിഭാഗം എന്നീ ഓഫീസുകളായിരിക്കും പുതിയ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ പ്രവർത്തിക്കുക. ജില്ലാ കളക്ടർക്കും ഡി.പി.സി. അധ്യക്ഷയ്ക്കും പ്രത്യേകം മുറിയുണ്ടായിരിക്കും.

2016ൽ ആണ് ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണം തുടങ്ങുന്നത്. 160 പേർക്കിരിക്കാവുന്ന എ.സി. കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, റെക്കോഡ് റൂം, കഫറ്റീരിയ എന്നിവയും പുതിയ മന്ദിരത്തിൽ ഉണ്ടായിരിക്കും. ജില്ലാ വികസനസമിതി, ജില്ലാ ആസൂത്രണസമിതി യോഗങ്ങൾ പുതിയ മന്ദിരത്തിലായിരിക്കും നടക്കുന്നത്.

ആസൂത്രണസമിതി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ഇന്നലെ കളക്‌ട്രേറ്റിൽ ചേർന്ന ആലോചനായോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ഡെപ്യൂട്ടി പ്്‌ളാനിംഗ് ഓഫീസർ വി.എൽ. ബിന്ദു, എൽ.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.എം. അശോകൻ എന്നിവർ പങ്കെടുത്തു.