വെല്ലുവിളികളെ അതിജീവിച്ച് ഭിന്നശേഷി വിദ്യാർഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ശ്രദ്ധനേടുന്നു. നിത്യോ പയോഗസാധനങ്ങൾക്ക് പ്രാധാന്യം നൽകി ഇവരുടെ കരവിരുതിൽ ഒരുക്കിയ പേനകൾ, സോപ്പ്, ചെരുപ്പ്, ക്ലീനിംഗ് ഉൽപ്പന്നങ്ങളായ ബ്ലിസ് ഹാൻഡ് വാഷ് , എക്സ്ട്രാ പവർ ഡിഷ് വാഷ്, ക്ലെൻസോൾ ഫ്ലോർ ക്ലീനർ, വൈറ്റിക്സ് ടോയ്ലറ്റ് ക്ലീനർ, വെൽ വാഷ് ലിക്വിഡ് ഡിറ്റർജന്റ്, മാജിക് സ്റ്റിഫ്നർ , പ്രീമിയം കാർ ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് മേളയിൽ ആവശ്യക്കാർ എത്തുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 27 ഉപജീവന കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പങ്ങളാണ് മേളയിൽ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.
കുടുംബശ്രീ ബഡ്സ് ലൈവ് ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകിയത്.
ബഡ്സ് സ്ഥാപനങ്ങളിലെ 18 വയസിനു മുകളിലുള്ളവര്‍ക്കും, ബഡ്സ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിക്കേണ്ടിവരുന്ന അമ്മമാര്‍ക്കും സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുതകന്ന സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ച് അവരെ സ്വാശ്രയത്വത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് സ്ഥാപനങ്ങളില്‍ ഉപജീവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ തരം സോപ്പ് ഓയിലുകൾ ചവിട്ടി, ചെരിപ്പ്, മോപ്പ്, മെഴുകുതിരി, പേപ്പര്‍ പെന്‍, നോട്ട്പാഡ്, പാവകള്‍, മുത്തുമാലകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ബഡ്സ് സ്ഥാപനങ്ങള്‍ വഴി നിര്‍മ്മിച്ച് വിപണനം ചെയ്തുവരുന്നുണ്ട്.
10 പേരടങ്ങുന്ന മൈക്രോ സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം. ഇതില്‍ ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടുന്നു. കൂടാതെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്തി തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് മുട്ടക്കോഴിയും കൂടും നല്‍കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കി വരുന്നു.