സാഹസികത ഇഷ്ടപ്പെടുന്നവരുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്നത്. കളി ട്രയിനിൽ കയറ്റി തിരിച്ചും മറിച്ചും തലകുത്തിയും ഒരു റൗണ്ട് കറങ്ങി വരുമ്പോഴേക്കും വല്ലാത്തൊരു അനുഭവമാകും ലഭിക്കുക. റോളർ കോസ്റ്ററിൽ കയറാതെ തന്നെ ഈ അനുഭവം നൽകുകയാണ് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള.

മേളയിൽ ഒരുക്കിയിട്ടുള്ള കെൽട്രോണിന്റെ പവിലിയനിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. വിർച്വൽ റിയാലിറ്റിയുടെ (വി.ആർ) സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് യഥാർത്ഥ്യത്തെ വെല്ലുന്ന തരത്തിൽ വിർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഇത്. പണം കൊടുത്തു മാത്രം ആസ്വദിക്കാൻ കഴിയുന്ന നവ്യാനുഭവം സൗജന്യമായാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ഇതു കാണാനായി വരി നിൽക്കുന്ന കാഴ്ചയാണ് ഓരോ നിമിഷവും സ്റ്റാളിന് പുറത്തുള്ളത്.

2018ൽ സംസ്ഥാനത്തെ ആദ്യ വിർച്വൽ ലാബ് ആരംഭിച്ചത് സർക്കാർ സ്ഥാപനമായ കെൽട്രോണായിരുന്നു. വി.ആർ അനുഭവം സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കേരളത്തിൽ പവിലിയൻ ഒരുക്കിയത്. വിദ്യാഭ്യാസവും വിനോദവും ഇടകലർത്തി എജ്യൂടെയിൻമെന്റ് എന്ന രീതിയിലാണ് വി.ആർ അനുഭവം സമ്മാനിക്കുന്നത്. കെൽട്രോണിലെ അക്കാദമിക് എക്സിക്യൂട്ടീവുമാരായ അരുൺ ജോഷി, അബ്ദുൽ ഹാഷിം, ഹെഡ് ഓഫ് സെന്റർ കെ. ജയപ്രകാശ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

കെൽട്രോണിനു പുറമേ സ്വകാര്യസ്ഥാപനമായ ബിൽഡ് നെക്സ്റ്റും കിഫ്‌ബിയും പ്രദർശന നഗരിയിൽ തന്നെ വി.ആർ സംവിധാനം ഒരുക്കിയിട്ടുണ്ട്. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ആവിഷ്കരണ ഘട്ടത്തിലുള്ള ഒരു പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ എങ്ങനെയാകും എന്ന് കാണാനുള്ള സൗകര്യമാണ് കിഫ്‌ബിയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.