ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമായി കപ്ലാട്ട്, സെന്റ് റാഫേല്‍ കോണ്‍വെന്റ് റോഡ് നാടിനു സമര്‍പ്പിച്ചു. മുളവുകാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച റോഡ് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ആണ് ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്.

എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10,60,000 രൂപ ചെലവിലാണ് റോഡ് നിര്‍മ്മിച്ചത്. കപ്ലാട്ട്, സെന്റ് റാഫേല്‍ കോണ്‍വെന്റ് ബൈ ലെയ്ന്‍ റോഡുകളുടെ നിര്‍മ്മാണത്തിനും അനുബന്ധ കാനകളുടെ നവീകരണത്തിനുമാണ് പദ്ധതിയില്‍ ഭരണാനുമതി ലഭിച്ചത്.

30 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമാണ് കപ്ലാട്ട് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റ് റാഫേല്‍ കോണ്‍വെന്റ് ബൈ ലെയ്ന്‍ റോഡ് 135 മീറ്റര്‍ നീളത്തിലും രണ്ടു മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്തു. മേല്‍സ്ലാബ് സഹിതം 165 മീറ്റര്‍ നീളത്തിലാണ് കോണ്‍ക്രീറ്റ് കാന നിര്‍മ്മിച്ചത്. റോഡ് യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ കടുത്ത യാത്ര ദുരിതത്തിനും രൂക്ഷമായ വെള്ളക്കെട്ടിനുമാണ് പരിഹാരമായത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ വിവേക് ഹരിദാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സൈന ഓജി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നിക്കോളാസ് ഡിക്കോത്ത്, വികസന കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി അധ്യക്ഷന്‍ പി,ആര്‍ ജോണ്‍, ജിഡ കൗണ്‍സില്‍ അംഗം കെ.കെ ജയരാജ്, വാര്‍ഡ് അംഗം കെ.എ വിനോദ്, റോഡ് വികസന സമിതി കണ്‍വീനര്‍ വി.വി ഷാജി എന്നിവര്‍ സംസാരിച്ചു.