ജനങ്ങളെ സാക്ഷരരാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വീട്ടുമുറ്റത്തെത്തിക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ നടത്തിപ്പിന് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ സംഘാടക സമിതി രൂപീകരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം കല്‍പ്പറ്റ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് കെ. അജിത ഉദ്ഘാടനം ചെയ്തു. അഡ്വ. എ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പദ്ധതി വിശദീകരിച്ചു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ 14 പഞ്ചായത്തുകളില്‍ ഇ-മുറ്റം പദ്ധതി നടപ്പിലാക്കുന്നത്. 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി ക്ലാസ്സ് നല്‍കി സാക്ഷരരാക്കുകയാണ് ലക്ഷ്യം. 12 മണിക്കൂറാണ് പഠനസമയം. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ആപ്പുകളുടെയും ഉപയോഗം പഠിപ്പിക്കുകയും അവയുടെ ഗുണദോഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പാഠ്യപദ്ധതിയിലുള്ളത്. കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പാഠപുസ്തകമാണ് പഠനസാമഗ്രിയായി ഉപയോഗിക്കുക. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരാണ് ഇന്‍സ്ട്രക്ടര്‍മാര്‍. സര്‍വ്വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഏപ്രില്‍ 10 നകം മുന്‍സിപ്പാലിറ്റിയിലെ 24 വാര്‍ഡുകളിലും സംഘാടകസമിതി രൂപീകരിക്കും.
കല്‍പ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, സെക്രട്ടറി അലി അഷ്‌കര്‍, കൗണ്‍സിലര്‍മാരായ ഡി. രാജന്‍, പി. അബ്ദുള്ള, വിനോദ് കുമാര്‍, നസീര്‍ ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.