ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.
തീപിടുത്തം ഉണ്ടായതിനെ തുടർന്ന് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിൽ പ്രത്യേക കർമ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. കർമ്മപദ്ധതികൾ നടപ്പിലാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ട്.
മാലിന്യ നിർമ്മാർജ്ജന കർമ്മപദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി ദുരന്തനിവാരണ നിയമം സെക്ഷൻ 33 പ്രകാരമാണ് സ്ക്വാഡുകൾ രൂപീകരിച്ചത്. സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ ബന്ധപ്പെട്ട തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതി ജില്ലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ സംയുക്തമായി ജില്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു.