അഴീക്കോട് നീര്‍ക്കടവില്‍ ആധുനിക രീതിയിലുള്ള ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ . അഴീക്കോട് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴീക്കോടെ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ തുറമുഖങ്ങളും ഫിഷ് ലാന്റിംഗ് സെന്ററുകളും നവീകരിച്ച് അപകടരഹിതമാക്കും. ഇതിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. നീര്‍ക്കടവില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം പഠനം നടത്തുകയാണ്. പഠനം പൂർത്തിയാക്കി,  ഡി പി ആര്‍ തയ്യാറാക്കുന്ന മുറക്ക് പ്രവൃത്തി തുടങ്ങും. ഇത്തരത്തില്‍ തീരദേശ മേഖലയില്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. തീരസംരക്ഷണത്തിനാണ് പ്രഥമ പരിഗണന. കരിങ്കല്ലിന്റെ ലഭ്യതക്കുറവ് കാരണം കടല്‍ക്ഷോഭം തടയാന്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ജിയോ ട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം പൂന്തുറയില്‍ 18 കോടി രൂപ ചെലവില്‍ ജിയോ ട്യൂബ് സ്ഥാപിക്കുകയാണ്. ഇത് വിജയമായാല്‍ നിലവില്‍ ചെലവഴിക്കുന്നതിന്റെ 60 ശതമാനം തുക മാത്രം ഉപയോഗിച്ചാല്‍ കേരളത്തിലെ മുഴുവന്‍ തീരവും സംരക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പുനര്‍ഗേഹം പദ്ധതിയിലൂടെ 2,450 കോടി രൂപ ചെലവില്‍ 21,000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. 2,400 ഫ്‌ളാറ്റുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഭൂമി ലഭിക്കുന്നതനുസരിച്ച് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തതിനാലും പെര്‍മിറ്റില്ലാത്ത ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതിനേയും തുടർന്ന് 2004 നു ശേഷം മരണപ്പെട്ട 159 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അദാലത്തിലൂടെ 2400 കേസുകള്‍ പരിഗണിച്ച് 139 പേര്‍ക്ക് നഷ്ടപരിഹാര തുക നല്‍കി. ബാക്കിയുള്ളവ പരിഗണനയിലാണ്. ഇതിന് ശേഷമാണ് കടലില്‍ പോയി ഏത് സാഹചര്യത്തില്‍ മരിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. അതിനാല്‍ ഓരോ മത്സ്യത്തൊഴിലാളിയും ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമായും എടുക്കുണം. ഒരു ഡോക്ടര്‍ പോലുമില്ലാത്ത തീരദേശ മേഖലയില്‍ നിന്ന് കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 75 ഡോക്ടര്‍മാരെ വളര്‍ത്തിയെടുക്കാനായി. ഈ മേഖലയിലെ കുട്ടികള്‍ ഇനിയും പഠിച്ച് ഉയരങ്ങളില്‍ എത്തണം. അതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. മത്സ്യ ബന്ധനം കൂടുതല്‍ ലാഭകരമാക്കാന്‍ 15 വര്‍ഷം ഗ്യാരണ്ടിയുള്ള ഫൈബര്‍ വള്ളങ്ങള്‍ ലഭ്യമാക്കുമെന്നും മണ്ണെണ്ണയ്ക്ക് പകരം ബോട്ടുകളില്‍ എല്‍ പി ജി ഗ്യാസ് ഉപയോഗിക്കുന്ന സംവിധാനം സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ തീരദേശ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ അഴീക്കോട് സ്‌കൂളിനായി  ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. 65.32 ലക്ഷം രൂപ ചെലവില്‍ പണിത 255.36 ചതുരശ്ര മീറ്റര്‍ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്.
ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ ടി മുഹമ്മദ് അഷ്റഫ്, വാര്‍ഡ് അംഗം പി എ ജലജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, അരയ സമാജം പ്രസിഡണ്ട് വി വി വിനയന്‍, പി ടി എ പ്രസിഡണ്ട് ഹര്‍ഷ ലിബീഷ്, പ്രധാനാധ്യാപകന്‍ ദേവേശന്‍ ചാത്തോത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.