സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവ ചേര്‍ന്ന് നടപ്പാക്കുന്ന ഇ മുറ്റം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 11ന് നടക്കും. കാലഘട്ടത്തിന് അനുയോജ്യമായി ജീവിക്കുന്നതിന് സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ അടിസ്ഥാനപരവും പ്രാഥമികവുമായ അറിവുള്ളവരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയുള്ള പദ്ധതി കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി. പി. ദിവ്യ അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ. ജി. ഒലീന മുഖ്യപ്രഭാഷണം നടത്തും.
ഇ മുറ്റം പദ്ധതിയുടെ ഭാഗമായി കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാവര്‍ക്കും ഇ മെയില്‍ ഐഡി രൂപീകരിക്കും. ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, ഇ പേ സംവിധാനങ്ങള്‍, വിവിധതരം ബില്ലുകള്‍ സ്വയം അടയ്ക്കല്‍ തുടങ്ങിയവ പ്രാപ്തമാക്കുന്നതിനും ഇ മുറ്റം സഹായകമാകും. സര്‍വ്വെ നടത്തി പഠനാവശ്യങ്ങള്‍ മനസ്സിലാക്കിയാണ് പഠിതാക്കളെ ക്ലാസിലെത്തിക്കുക.
കതിരൂര്‍ പഞ്ചായത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്‌റ് സി. പി. സനില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ പദ്ധതി വിശദീകരിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ടി. ടി. റംല, ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, സെക്രട്ടറി മുന്ന പി. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.