വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ “ജീവിക” കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എ ഗീത യുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.

വിധവകളുടെ സമഗ്ര ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും സാമൂഹിക സാമ്പത്തിക ഉന്നമനവും ലക്ഷ്യമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിധവാ സൗഹൃദ കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് കൈപ്പുസ്തകം തയ്യാറാക്കിയത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ വിവിധ വകുപ്പുകളുടെ വിധവാ ക്ഷേമ പദ്ധതികളുടെയും അനുകൂല്യങ്ങളുടെയും വിവരങ്ങൾ, അപേക്ഷകൾ സമർപ്പിക്കേണ്ട രീതി, വിധവകൾക്കായുള്ള ഹെല്പ് ലൈൻ നമ്പറുകൾ എന്നിവയാണ് അമ്പതോളം പേജുകളുള്ള കൈപ്പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ജില്ലാ കലക്ടറുടെ ഇന്റേൺസാണ് ജീവിക കൈപ്പുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ചത്.

ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, എ ഡി എം സി.മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം.എസ്, വനിതാ സംരക്ഷണ ഓഫീസർ ഡോ. ലിൻസി എ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു