ബേപ്പൂർ വില്ലേജിലെ തീരദേശവാസികളായ 115 കുടുംബങ്ങളുടെ ഭൂനികുതി പ്രശ്നത്തിന് പരിഹാരമായി. വില്ലേജിലെ പട്ടയഭൂമികളുടെ ഭൂനികുതി സ്വീകരിക്കാൻ തുടങ്ങി. ചടങ്ങ് ബേപ്പൂർ എടത്തൊടി ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രത്യേക ടീം രൂപീകരിച്ചാണ് നികുതി സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ 72 പേരുടെ നികുതിയാണ് സ്വീകരിച്ചത്.

ബേപ്പൂർ വില്ലേജിലെ സർവ്വേ നമ്പർ 96 ൽ ഉൾപ്പെട്ട പുലിമൂട് പ്രദേശത്തെ ശവക്കണ്ടിപ്പറമ്പ് പൂണാർ വളപ്പ്, ഭദ്രകാളി ക്ഷേത്രം പരിസരം എന്നിവിടങ്ങളിലെ താമസക്കാരുടെ ഭൂനികുതി സ്വീകരിക്കുന്നതിൽ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. പ്രശ്നപരിഹാരം കാണാൻ മന്ത്രി മുഹമ്മദ് റിയാസ് പരാതി പരിഹാര അദാലത്തിൽ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജില്ലാകലക്ടർ എ. ഗീത പ്രത്യേക ടീം രൂപീകരിച്ച് നികുതി സ്വീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്.

റവന്യു വകുപ്പിന്റെ നിരന്തര പരിശ്രമത്തിലൂടെയാണ് നികുതി സ്വീകരിക്കാൻ നടപടി ആയത്. ബാക്കിയുള്ളവരുടെ നികുതി നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സ്വീകരിക്കും. ഭൂമിക്ക് പട്ടയം ലഭിച്ചിട്ടും ഭൂനികുതി അടക്കാൻ സാധിക്കാതിരുന്നവർക്ക് ആശ്വാസമാവുന്നതാണ് റവന്യൂ വകുപ്പിന്റെ ഇടപെടൽ.

ജില്ലാകലക്ടർ എ ​ഗീത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, വാടിയിൽ നവാസ്, എം.​ഗിരിജ, കെ.സുരേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർ കെ രാജീവ് സ്വാ​ഗതവും തഹസിൽദാർ എ.എം പ്രേംലാൽ നന്ദിയും പറഞ്ഞു.