ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി നടത്തുന്ന വനസൗഹൃദ സദസ്സ് ഏപ്രിൽ 6 ന് പേരാമ്പ്രയിലും മുക്കത്തും നടക്കും. രാവിലെ 9.30 ന് പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലും ഉച്ചക്ക് 2.30 ന് മുക്കത്ത് എം മൂസ ഓഡിറ്റോറിയത്തിലുമാണ് വനസൗഹൃദ സദസ്സ് നടക്കുന്നത്.
വിവിധ ഓഫീസുകളിൽ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിയ്ക്കുക, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നൽകുക തുടങ്ങിയ കാര്യങ്ങളാണ് വന സൗഹൃദ സദസ്സിലൂടെ ലക്ഷ്യമിടുന്നത്.
വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം, പരിക്കേറ്റവർക്കുള്ള ആനുകൂല്യം, കൃഷിനാശവും കെട്ടിട നാശവും സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം, വനമേഖല പ്രദേശങ്ങളിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നം, വിവിധ തരം നിരാക്ഷേപ പത്രങ്ങൾ ലഭ്യമാക്കുന്ന പ്രശ്നം, വികസന പ്രവർത്തനങ്ങൾക്കുള്ള മരങ്ങൾ മുറിച്ചു മാറ്റൽ, ജോയിന്റ് സർവ്വേ നടത്തി പരിഹരിക്കേണ്ട വിഷയങ്ങൾ, വസ്തു വിൽപന നടത്തുന്നതിന് എൻ.ഒ.സി ലഭിക്കാത്ത പ്രശ്നം എന്നിവയാണ് വന സൗഹൃദ സദസ്സിൽ പരിഹരിക്കപ്പെടേണ്ട പ്രധാന വിഷയങ്ങൾ.
പുതുതായി ലഭിക്കുന്ന പരാതികളും അപേക്ഷകളും സംസ്ഥാന സർക്കാരിന്റെ താലൂക്ക് തല അദാലത്തിലൂടെ പരിശോധിക്കും. ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വിദഗ്ധർക്കും പ്രശ്ന പരിഹാരത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് വന സൗഹൃദ സദസ്സ് അവസരം നൽകുന്നത്.
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനം വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വിവിധ തിയ്യതികളിൽ വന സൗഹൃദ സദസ്സ് നടത്തുന്നുണ്ട്.