ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഓട്ടിസം ബോധവൽക്കരണ മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് യു.ആർ.സിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ചവരെ സമൂഹം ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

യു.എൻ നിർദേശപ്രകാരമാണ് 2008 മുതൽ ഏപ്രിൽ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിർത്തുന്നതു തടയുക,  മറ്റുള്ളവർക്കുള്ള അവകാശങ്ങളും പരിഗണനയും അവര്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങൾ.

എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ലിജീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഡി.പി.ഒ  ഷീബ വി.ടി ഓട്ടിസം ദിന സന്ദേശം നൽകി. ഡി.പി.ഒ യമുന ഒ, പി.ടി.എ പ്രസിഡന്റ് സാബിറ തുടങ്ങിയവർ പങ്കെടുത്തു.
ഡി.പി.ഒ സജീഷ് നാരായൺ സ്വാഗതവും നടക്കാവ് യു.ആർ.സി ബി.പി.സി ഹരീഷ്. വി നന്ദിയും പറഞ്ഞു.