കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി

ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ ജലസഭ ഉദ്ഘാടനം ചെയ്തു.

ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകളുടെ ജലബജറ്റ് റിപ്പോർട്ട് പൂർത്തിയാക്കാൻ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലസഭ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളിലെ ജല ബജറ്റിലെ കണ്ടെത്തലുകൾ ഒളവണ്ണ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി, കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ എന്നിവർ അവതരിപ്പിച്ചു.

നവകേരളം കർമ്മ പദ്ധതി മുൻ ജില്ലാ കോർഡിനേറ്ററും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ പി. പ്രകാശ് ‘ജല സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ ഇടപെടലുകൾ സാധ്യതകൾ’ എന്ന വിഷയത്തിൽ ആമുഖാവതരണം നടത്തി. എം.ജി.എൻ.ആർ. ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ്‌ ജാ ജലബജറ്റ് – തൊഴിലുറപ്പ് പദ്ധതികൾ സാധ്യതകൾ എന്ന വിഷയത്തിൽ അവതരണം നടത്തി. ഹരിത കേരളം റിസോഴ്സ് പേഴ്സൺ കെ ഷിബിൻ ബ്ലോക്ക് തല ജലബജറ്റ് ക്രോഡീകരണം നടത്തി. കൃഷി, ജലസേചനം, ഭൂജലം, സോയിൽ സർവ്വേ, സോയിൽ കൺസർവേഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികൾ അവതരിപ്പിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും കോഴിക്കോട് ബ്ലോക്ക്, കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്.

ജല ബജറ്റ് സംസ്ഥാന തല പ്രകാശനം ഏപ്രിൽ 12 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി പറശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശൈലജ ടീച്ചർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ. ബി.ജെ, ജോയിന്റ് ബി.ഡി.ഒ കെ.കെ സന്തോഷ്‌ കുമാർ, കടലുണ്ടി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെപിഎം നവാസ്, ബ്ലോക്ക് ആസൂത്രണ വൈസ് ചെയർമാൻ യു. പത്മലോചനൻ എന്നിവർ സംസാരിച്ചു.

കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വിൽ കടലുണ്ടിപ്പുഴയുടെ തീരത്ത് നടന്ന പരിപാടിയിൽ കോഴിക്കോട് ബ്ലോക്ക്, കടലുണ്ടി, ഒളവണ്ണ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, കോഴിക്കോട് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തല ജലസാങ്കേതിക സമിതി അംഗങ്ങൾ, ആസൂത്രണ സമിതി വൈസ് ചെയർമാൻമാർ, അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണർമാർ, തുടങ്ങിയവർ പങ്കെടുത്തു.