വയനാട്ടിൽ നിന്നുള്ള വനവിഭവങ്ങൾ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുകയാണ് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി. വയനാടിന്റെ തനതായ കാപ്പിപൊടി മുതൽ പുൽതൈലം വരെ നിരവധി ഉത്പന്നങ്ങളാണ് വിൽപനയ്ക്ക് എത്തിയിരിക്കുന്നത്.

ആദിവാസി വിഭാഗങ്ങൾ കാടുകളിൽ നിന്ന് ശേഖരിക്കുന്നതും കൃഷി ചെയ്യുന്നതുമായ സാധനങ്ങൾ സംസ്കരിച്ച് ആകർഷകമായ പാക്കുകളിലായാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സ്വാദിഷ്ടമായ അട്ടപ്പാടി കാപ്പി ,പൊടിയായും കുരുവായും ഇവിടെ നിന്നും വാങ്ങാം.

ഏലക്ക, കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഗുണമേന്മയിലും ഔഷധഗുണത്തിലും മുൻപന്തിയിലുള്ള തേൻ എന്നിവയുമുണ്ട്. എരിവുള്ളതും മായമില്ലാത്തതുമായ നല്ല കുരുമുളക് പൊടിയായും, പൊടിക്കാതെയും ഇവിടെ നിന്ന് വാങ്ങാം. നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായി വലിയ വലിപ്പത്തിലുള്ള ജാതി പത്രിയും ഇവിടെയുണ്ട്. കുടംപുളി, മഞ്ഞൾ, റാഗി, പുൽതൈലം തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും.

കൂടാതെ വീടുകളുടെ അകത്തളങ്ങൾ മനോഹരമാക്കാൻ ഉപയോഗിക്കാവുന്ന ശിൽപ്പങ്ങളും ഇവിടെയുണ്ട്. മരത്തിന്റെ ഒറ്റത്തടി വേരിലാണ് ശില്പങ്ങൾ കൊത്തിയെടുത്തിരിക്കുന്നത്. വയനാട്ടിൽ നിന്നുള്ള ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതിനായി നിരവധി പേരാണ് സ്റ്റാളിലേക്കെത്തുന്നത്.