ഹോമിയോപ്പതിയിലൂടെ ആരോഗ്യം എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുകയാണ് ആയുഷ് ഹോമിയോപ്പതി വകുപ്പ്. രോഗങ്ങളെ അറിഞ്ഞുള്ള ഹോമിയോപ്പതി ചികിത്സയുടെ നേട്ടങ്ങൾ വ്യക്തമാകാൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഹോമിയോപ്പതിയുടെ സ്റ്റാൾ സന്ദർശിച്ചാൽ മതി.

ഉയരം,തൂക്കം, വയസ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തി ആരോഗ്യവാനാണോ എന്ന് കണക്കാക്കുന്ന ബി.എം.ഐ കാൽക്കുലേഷൻ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. മാനസികമായി ആരോഗ്യ നില പരിശോധിക്കുന്നതിനു സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചോദ്യാവലി സ്റ്റാളിൾ നിന്നും ലഭ്യമാണ്. അത് പൂരിപ്പിച്ച് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ വ്യക്തിയുടെ മാനസിക ആരോഗ്യം കണക്കാക്കുന്നു.

യോഗയുടെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ യോഗ പോസ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലകൻ നിർദ്ദേശിക്കുന്ന യോഗ പോസിൽ നിശ്ചിത സമയം നിൽക്കുന്നവർക്ക് സമ്മാനം ഉറപ്പ്.

കൂടാതെ ഹോമിയോ ചികിത്സയിൽ മരുന്നിന് ഉപയോഗിക്കുന്ന പനിക്കൂർക്ക, തഴുതാമ, ആര്യവേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങളുടെ പ്രദർശനവും സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നു. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ വെൽനെസ് സെന്ററുകൾ ഏതെല്ലാമെന്നും അവിടുത്തെ സേവനങ്ങൾ എന്തെല്ലാമെന്നും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.