ജില്ലയിൽ ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച ഏഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ നാളെ ( ഏപ്രില്‍ എട്ട്) റവന്യൂമന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. നായരമ്പലം, പള്ളിപ്പുറം, നെടുമ്പാശ്ശേരി, ആലുവ, ചേലമറ്റം, അറക്കപ്പടി, നേര്യമംഗലം എന്നീ വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ അവകാശപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം എത്രയും വേഗം സഫലമാകും.

നായരമ്പലത്ത് രാവിലെ 9.30നും പള്ളിപ്പുറത്ത് 10.45നും നെടുമ്പാശേരിയിൽ 12.15നുമാണ് ഉദ്ഘാടന ചടങ്ങ്. ആലുവയിൽ ഉച്ചക്ക് രണ്ടിനും ചേലമറ്റത്ത് 3.15നും അറക്കപ്പടിയിൽ 4.30നും നേര്യമംഗലത്ത് വൈകീട്ട് ആറിനും ഉദ്ഘാടനം നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.