കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക വികസന രംഗത്ത് സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വ്യക്തമാക്കി സഹകരണ വകുപ്പിന്റെ സെമിനാർ. എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ സഹകരണ പ്രസ്ഥാനവും പ്രാദേശിക സാമ്പത്തിക വികസനവും എന്ന വിഷയത്തിലാണ് സഹകരണ വകുപ്പ് സെമിനാർ സംഘടിപ്പിച്ചത്. അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. എം. രാമനുണ്ണി വിഷയാവതരണം നടത്തി.

കേരളം എല്ലാ മേഖലയിലും ഇന്ന് മുൻപന്തിയിലാണ്. ഇന്ത്യയിലെ തന്നെ വികസന വളർച്ച കണക്കാക്കിയാൽ മുഖ്യ സ്ഥാനം കേരളത്തിനുണ്ട്. കാർഷിക മേഖലയിൽ ഉൾപ്പെടെ കേരളം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. കേരളത്തിൻ്റെ ഇത്തരം നേട്ടങ്ങൾക്ക് സുപ്രധാന പങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നതെന്ന് വിഷയാവതരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണം. സഹകരണ പ്രസ്ഥാനങ്ങളുടെ ഫണ്ട് അതത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം.

ഒരു ഉപഭോക്ത സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾക്ക് ഒട്ടനവധി ആവശ്യങ്ങളുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി നൽകുന്ന മുതലാളിയായും, സാമൂഹിക വ്യവഹാരത്തിനുള്ള ഉൾപ്രേരകമായും പ്രവർത്തിക്കാൻ സർക്കാരിൻ്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. എ.എൻ സന്തോഷ്, പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എം.പി വിജയൻ, കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ, ഒക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം കെ.ഡി ഷാജി എന്നിവർ ചർച്ചയിൽ വിഷയത്തെ അധികരിച്ച് സംസാരിച്ചു.