ജീവിതത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യം ചർച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാർ. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മൂന്ന് വിഭാഗത്തിലായിരുന്നു ക്ലാസ്സ് നടത്തിയത്.

ബേസിക് ലൈഫ് സപ്പോർട്ടും പ്രാഥമിക ശുശ്രൂഷയും എന്ന വിഷയത്തിൽ ആലുവ ജില്ലാ ആശുപ്രതി അസ്ഥിരോഗ വിദഗ്ധൻ ഡോ. സിറിൽ ജി. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ക്ലാസ് നയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഫലപ്രദമായി പ്രഥമ ശുശ്രൂഷ നൽകാമെന്ന് പ്രതീകാത്മകമായി വേദിയിൽ അവതരിപ്പിച്ചു. ഹൃദയ സ്തംഭനം, ഹൃദയാഘാതം, അപകടം എന്നിവ സംഭവിക്കുമ്പോൾ കുട്ടികളിലും മുതിർന്നവരിലും ചെയ്യേണ്ട കാര്യങ്ങൾ പ്രത്യേകം അവതരിപ്പിച്ചു.

ആരോഗ്യവും ക്ഷേമവും ആയുർവേദത്തിൽ എന്ന വിഷയത്തിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ് വിഷയാവതരണം നടത്തി. ജീവിത രീതികളിൽ വന്ന മാറ്റം, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം മുതലായവ ആളുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും സമഗ്രമായ ക്ഷേമം ആയുർവേദത്തിലൂടെ എങ്ങനെ പ്രാപ്തമാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

ആരോഗ്യവും ക്ഷേമവും ഹോമിയോപ്പതിയിൽ എന്ന വിഷയത്തിൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. എം. ശ്രീകല ക്ലാസ് നയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ലഹരി വിമോചനം ആഗ്രഹിക്കുന്നവർക്കും വേണ്ടി ഹോമിയോപ്പതിയിലുള്ള പ്രോജക്ടുകൾ ക്ലാസിൽ പരിചയപ്പെടുത്തി.