കൊച്ചി നഗരസഭയിൽ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും കൊച്ചി നഗരസഭയുടെയും നേതൃത്വത്തിൽ സീറോ വേസ്റ്റ് അറ്റ് കൊച്ചി എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. പനമ്പിള്ളി നഗറിലെ സെൻട്രൽ പാർക്കിൽ ഏപ്രിൽ 10 മുതൽ 13 വരെയാണ് എക്സിബിഷൻ നടത്തുന്നത്.  തിങ്കളാഴ്ച വൈകുന്നേരം ആറിന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

എക്സിബിഷനുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും വേണ്ട സാങ്കേതിക പരിശീലനം നൽകുകയും ചെയ്യും.
റെസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ എക്സിബിഷനിൽ
നഗരസഭയിലെ 54 മുതൽ 63 വരെയുള്ള ഡിവിഷനുകളിലെ റെസിഡന്റ്സ് അസോസിയേഷനുകളാണ് പങ്കെടുക്കുന്നത്. എക്സിബിഷൻ സ്റ്റാൾ, സെമിനാറുകൾ,ഫുഡ് സ്റ്റാൾ, കുട്ടികളുടെ ചിത്രപ്രദർശനം, കലാപരിപാടികൾ എന്നിവ ഉൾപ്പെടെ നാലു ദിവസം പ്രദർശനമുണ്ടാകും. കലാപരിപാടികളിൽ എറണാകുളം ഓൾ ഇന്ത്യ റേഡിയോ എഫ്.എം കൊച്ചിയുടെയും റെസിഡന്റ്സ് അസോസിഷനുകളുടെയും കലാകാരന്മാർ പങ്കെടുക്കും.

ഏപ്രിൽ 11 ,12 തീയതികളിൽ വൈകുന്നേരം ആറു മുതൽ ഏഴ് വരെ നടക്കുന്ന സെമിനാറിൽ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരിത്തറ മുഖ്യാതിഥിയായിരിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ഷാജി, ജോസ് മൂഞ്ഞേലി, ഡോ.അനിൽ, അമീർഷാ, ഡോ. സി.എൻ മനോജ്, സക്കറിയ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഏപ്രിൽ 13ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.