സംസ്ഥാന സർക്കാറിന്റെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിനടുത്ത ഫ്ലൈ ഓവറിന് താഴെയുളള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

‘വലിച്ചെറിയൽ മുക്ത കേരള ‘ത്തിന്റെ ഭാഗമായി ഗാർഹിക – സ്ഥാപന – പൊതു തലങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. നഗരസഭാ തലത്തിൽ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണ സ്ക്വാഡുകൾ പ്രവർത്തിക്കും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി സി സി ടി വി ക്യാമറകൾ ഉൾപ്പടെ സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ കെ പി സുധ,വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാർ ,ആരോഗ്യ വിഭാഗം എച്ച് എസ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിഷാദ്, സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ ചേർന്ന് കൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയിൽ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.