മൂവാറ്റുപുഴയുടെയും മലയോര മേഖലയുടെയും വികസനത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂവാറ്റുപുഴ നഗരത്തിലെ റോഡ് നാലു വരി പാതയാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ പ്രധാന റോഡ് നാലുവരിയാക്കുന്ന പ്രവൃത്തി മൂവാറ്റുപുഴയ്ക്കുള്ള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനമാണ്. പ്രഖ്യാപിച്ചതിലും ഒരു മാസം മുന്‍പ് തന്നെ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി മന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ നിരീക്ഷണമുണ്ടാകും. മൂവാറ്റുപുഴയെ സംബന്ധിച്ചിടത്തോളം ഏറെ സഹായകരമായ വികസന പ്രവര്‍ത്തനമാണിത്.

മൂവാറ്റുപുഴ ആഗ്രഹിക്കുന്ന വികസന സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് കിഫ്ബി വഴിയാണ്. എം.സി റോഡ് വികസനം സാധ്യമാകാനുള്ള ഇടപെടലുകളും കിഫ്ബി വഴിയാണ് നടത്തുന്നത്. കിഫ്ബിയില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കാണ്. അനുമതി നല്‍കിയ 1050 പദ്ധതികളില്‍ 485 എണ്ണമാണ് വകുപ്പിലുള്ളത്. ഇതില്‍ തന്നെ 2052.34 കോടി രൂപയുടെ 52 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും പുരോഗതി പരിശോധിച്ചാല്‍ കിഫ്ബി പദ്ധതികളുടെ കുതിപ്പ് കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

വെള്ളൂര്‍ക്കുന്നം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ നഗരസഭ അധ്യക്ഷന്‍ പി.പി എല്‍ദോസ്, മുന്‍ എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, ബാബു പോള്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം അബ്ദുല്‍സലാം, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ് കുമാര്‍, ആശ അനില്‍, രാജശ്രീ രാജു, ജിനു ആന്റണി, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.ആര്‍ മഞ്ജുഷ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മിനി മാത്യു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലക്ഷ്മി എസ് ദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.എം സലിം, കെ.പി രാമചന്ദ്രന്‍, ജോളി പൊട്ടയ്ക്കന്‍, പി.എ ബഷീര്‍, ഷൈസന്‍ മാങ്കുഴ, അരുണ്‍ പി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂവാറ്റുപുഴ നഗരത്തിന്റെ ഹൃദയ ഭാഗമായ പോസ്റ്റ് കവല ജംഗ്ഷന്‍ മുതല്‍ വെള്ളൂര്‍ക്കുന്നം കവല വരെയുള്ള എം.സി റോഡിന്റെ 1.85 കി.മീ ഭാഗമാണ് നാലു വരിയാക്കുന്നത്. 32.14 കോടി രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ബി.എം.ബി.സി നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന പാതയില്‍ ആധുനിക രീതിയിലുള്ള പ്രീ കാസ്റ്റ് കം ഡക്ട്, യൂട്ടിലിറ്റി ക്രോസ് ഡക്ട് ഡ്രെയിനേജ് സംവിധാനങ്ങളും ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, കലുങ്കുകള്‍ എന്നിവയും സ്ഥാപിച്ചാണ് നിര്‍മ്മിക്കുന്നത്.