കൈറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരുടെ ആശയരൂപീകരണ ശില്പശാല നടത്തി. പട്ടത്താനത്തെ ജില്ലാ ഓഫീസിലും, കൊട്ടാരക്കരയിലെ കൈറ്റ് ഐ ടി സെന്ററിലുമാണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടനം ഓണ്‍ലൈനായി കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു.
പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഐ ടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച് മുഴുവന്‍ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരില്‍ നിന്നും ഓണ്‍ലൈനായി അഭിപ്രായ ശേഖരണം നടത്തി.
ഐ ടി പഠനം, പരീക്ഷ, പാഠപുസ്തകം, ഹാര്‍ഡ് വെയര്‍ ലഭ്യത – പരിപാലനം, ഐ.ടി ഓഡിറ്റ്, സമഗ്ര സഹിതം, സമ്പൂര്‍ണ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, ലിറ്റില്‍ കൈറ്റ്‌സ്, അധ്യാപക പരിശീലനം, ശാക്തീകരണ പരിപാടികള്‍, സ്‌കൂള്‍ അധിഷ്ഠിത കോഴ്‌സുകള്‍, വിക്ടേഴ്‌സ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വിക്കി, ഐ ടി മേള തുടങ്ങിയ മേഖലകളെ സംബന്ധിച്ചാണ് വിവരശേഖരണം നടത്തിയത്.
ഏപ്രില്‍ 18ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശില്പശാലയില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ വാര്‍ഷിക അവലോകന യോഗത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതലുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും.
