ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ആര്‍.ജി ആനന്ദ് ഒബ്‌സര്‍വേഷന്‍ ഹോം സന്ദര്‍ശിച്ചു

കാക്കനാട് ഒബ്‌സര്‍വേഷന്‍ ഹോം പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം ഡോ.ആര്‍.ജി ആനന്ദ്. രാജ്യത്തുടനീളമുള്ള ഒബ്‌സര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കാക്കനാട് എത്തിയതായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 22 ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ സന്ദര്‍ശിച്ചതില്‍ കാക്കനാട് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതാണെന്നും കേരളത്തില്‍ എത്തിയതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒബ്‌സര്‍വേഷന്‍ ഹോമിലെ രേഖകള്‍ പരിശോധിച്ച അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തെകുറിച്ചും മെഡിക്കല്‍ സേവനങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജ്, ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഷാജു കെ. വര്‍ഗീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ് സിനി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ജിന്‍സി മോള്‍ കുര്യന്‍, ഒബ്‌സര്‍വേഷന്‍ ഹോമിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.