വളയം ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. നവ കേരളം- വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരള, ക്യാമ്പയിന്റെയും ആരോഗ്യ ജാഗ്രത 2023 – മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെയും ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി പഞ്ചായത്തിലെ 14 വാർഡുകളിലും പ്രത്യേക യോഗം ചേർന്ന് അൻപത് വീടുകൾക്ക് ഒന്ന് എന്ന നിലയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചു.

പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യ നിക്ഷേപമില്ലെന്നു ഉറപ്പുവരുത്തും. എല്ലാ വാർഡുകളിലും ആരോഗ്യ ശുചിത്വ സമിതിയും ആരോഗ്യജാഗ്രത സമിതിയും രൂപീകരിക്കും. സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ക്ലസ്റ്ററടിസ്ഥാനത്തിൽ വാർഡിൽ നടത്തുന്ന പ്രവർത്തനങ്ങൾ അതാത് ദിവസം ജില്ലാ വാർ റൂമിൽ റിപ്പോർട്ട് ചെയ്യാനും ശില്പശാലയിൽ തീരുമാനിച്ചു.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കണം. അജൈവ മാലിന്യം വൃത്തിയാക്കി തരം തിരിച്ച് ഹരിത കർമ്മ സേനക്ക് കൈമാറുന്നുവെന്ന് ഉറപ്പു വരുത്തും. ഹരിത കർമ്മ സേനക്ക് മാലിന്യം കൈമാറാത്തവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ഇടാക്കുകയും ചെയ്യും. പിഴ അടക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

പദ്ധതിയുടെ ഭാഗമായി വളയം ടൗൺ, കല്ലുനിര, ചുഴലി എന്നിവിടങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഹരിതസേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.