സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 74 പുതിയ  സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മടക്കര ഗവ. വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറ് സ്‌കൂളുകളില്‍ ഉദ്ഘാടനം കഴിഞ്ഞു ബാക്കി 58 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതോടെപ്പം അക്കാദമിക തലത്തിലും മുന്നേറാന്‍ സാധിച്ചു. ഇത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ഏഴു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കുട്ടികളാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിന്റെ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി നാല് ക്ലാസ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കുമാണ് നിര്‍മിച്ചത്. ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായി. പിഡബ്ല്യുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇബ്രാഹിംകുട്ടി ഹാജി, മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂര്‍ മാട്ടൂല്‍, മാട്ടൂല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി സൈനബ, സി അശോകന്‍, കണ്ണപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനീത നികേഷ്,മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് അംഗം പി വി സക്കറിയ, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ്, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ഇ സി വിനോദ്, പ്രധാന അധ്യാപകന്‍ സി വി സുരേഷ് ബാബു, പിടിഎ പ്രസിഡണ്ട് പി കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.