വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്ന സ്ഥാപനമാണ് സോഹോ കോര്‍പ്പറേഷന്‍. തെങ്കാശിക്കു സമീപം ഗ്രാമപ്രദേശത്തു ആരംഭിച്ച ഗ്രാമീണ / ഐ റ്റി പാര്‍ക്കില്‍ 750 ല്‍ പരം പേര്‍ ജോലി ചെയ്യുന്നു. വൈജ്ഞാനിക ധനസമൂഹ നിര്‍മിതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തെങ്കാശിയിലുള്ള സോഹോ കോര്‍പ്പേഷന്‍ സന്ദര്‍ശിച്ചു. ചെറുപ്പക്കാരുടെ കഴിവും പ്രാപ്തിയും നാടിന് പ്രയോജനപ്പെടുത്തുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ധനസമൂഹ നിര്‍മിതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് ഏറെ അനുഗുണമായ അന്തരീക്ഷമാണ് സോഹോ കോര്‍പ്പറേഷനില്‍ ഉള്ളതെന്നും ഇത്തരത്തിലുള്ള നവീന ആശയങ്ങള്‍ കേരളത്തിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സോഹോ കോര്‍പ്പറേഷന്‍ സി ഇ ഒ ശ്രീധര്‍ വെമ്പുവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള വിദ്യാര്‍ഥികളെ പ്രത്യേകം പരിശീലിപ്പിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാമിങ് അടക്കമുള്ള സങ്കീര്‍ണമായ പ്രവൃത്തികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന സോഹോയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വെബ് ഡിസൈനിങ്, കമ്പനി മാര്‍ക്കറ്റിങ്, മൊബൈല്‍ വെബ് അപ് നിര്‍മാണം തുടങ്ങി വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് അവരെ പ്രാപ്തരാക്കുകയാണ് സോഹോ. ഇംഗ്ലീഷ് ഭാഷയില്‍ ഏറെമുന്നിലല്ലാത്ത കുട്ടികളെപ്പോലും ആശയ വിനിമയം നടത്തുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ ഇവിടെ പാഠ്യപദ്ധതിയുണ്ട് എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

ലോകത്തിന്റെ ഏത് കോണില്‍ നിന്നും ജോലിനോക്കാന്‍ കഴിയുന്ന ഇക്കാലത്ത് ഐ ടി മേഖലയിലെ ഇത്തരം സംരംഭങ്ങള്‍ അനുകരണീയമാണ്. കേരളത്തി അസാപ്, സാങ്കേതിക വിദ്യാഭ്യാസ പദ്ധതി പോലുള്ള പാഠ്യപദ്ധതികളുടെ ഭാഗമായി ഇത്തരം ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കും. കൂടാതെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ വഴി ഇത്തരം ഐ ടി മേഖലയിലെ പഠന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഹോയിലെ വിദ്യാര്‍ഥികളുമായും ഫാക്കല്‍റ്റികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി ഇ ഒ അനൂപ് അമ്പിക, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷൈജന്‍ ഡി, കൊട്ടിയം പോളിടെക് നിക് പ്രിന്‍സിപ്പല്‍ സന്ദീപ് വിശ്വംഭരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.