സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയുടെ മുന്നോടിയായുള്ള ജില്ലാതല വിളംബരജാഥ ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് വിളംബരജാഥ നടത്തുന്നത്. സര്‍ക്കാരിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വിഡിയോകളാണ് ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം പ്രദര്‍ശിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലൂടെയും പ്രദര്‍ശന വാഹനം സഞ്ചരിക്കും.

ആലപ്പുഴ വൈ.എം.സി.എ. പരിസരത്ത് നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. വിളംബര ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്നലെ (11) ആലപ്പുഴ നഗരത്തിലാണ് വീഡിയോ പ്രദര്‍ശനം നടത്തിയത്. 12-ന് ചെങ്ങന്നൂര്‍, 13-ന് മാവേലിക്കര, 14-ന് കായംകുളം, 15-ന് അരൂര്‍, 16-ന് ചേര്‍ത്തല, 17-ന് ആലപ്പുഴ, 18-ന് അമ്പലപ്പുഴ, 19-ന് കുട്ടനാട്, 20-ന് ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലാണ് പ്രദര്‍ശന വാഹനം സഞ്ചരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. എസ്. സുമേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.