കോന്നിയിലെ തേക്കുതോടു പോലുള്ള മലയോര പ്രദേശങ്ങള്‍ക്കായി  വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.  കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉള്‍പ്പെടെ 18 റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അനിവാര്യമായിരുന്നു ഉന്നത നിലവാരത്തിലുള്ള റോഡ്. സഞ്ചാരയോഗ്യമായ റോഡ് വേണമെന്നുള്ളതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. അവര്‍ ആഗ്രഹിച്ചതിലും മുകളില്‍ മികച്ച നിലവാരത്തില്‍  റോഡ് നിര്‍മിക്കുവാന്‍  കഴിഞ്ഞു. നാട്ടിലെ ജനങ്ങളും വലിയ പിന്തുണ നല്‍കി. ചില സാങ്കേതിക കാരണങ്ങളാല്‍ റോഡിന്റെ പ്രവര്‍ത്തി ആരംഭിക്കാന്‍ വൈകിയിരുന്നു. ആ ഘട്ടത്തില്‍ വലിയ വിമര്‍ശനങ്ങളും വ്യാജ പ്രചാരണങ്ങളും ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായി. അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് റോഡ് നിര്‍മാണം നടന്നത്. രാഷ്ട്രീയകക്ഷി ഭേദമന്യേ  എല്ലാവരും നാടിന്റെ വികസനം ലക്ഷ്യം വയ്ക്കണം.

തേക്കുതോട് പോലുള്ള മലയോര പ്രദേശത്തിന്റെ വികസനം റോഡുകള്‍ കൊണ്ട് മാത്രം തീരുന്നില്ല. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ അടങ്ങുന്ന ധാരാളം വികസന പദ്ധതികളാണ് നാടിനായി ആസൂത്രണം ചെയ്തു വരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ വിഷയമായ പട്ടയ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തി വരുന്നു. നാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമാകുന്ന പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം അടുത്തമാസം ജലസേചന വകുപ്പ് മന്ത്രി നിര്‍വഹിക്കുമെന്നും എംഎല്‍എ പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജയിംസ്, വി.വി. സത്യന്‍, എം.എസ്. സുലേഖ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ രൂപക് ജോണ്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നിയേയും തണ്ണിതോട് പഞ്ചായത്തിലെ മലയോര മേഖലകളായ തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം തുടങ്ങിയ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തണ്ണിത്തോട്മൂഴി –  കരിമാന്‍തോട് റോഡ്. റോഡ് വികസിക്കുന്നതിലൂടെ ഈ പ്രദേശത്തെ തന്നെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുകയും, അതുമൂലം ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിനും  സാധ്യമാകും.

റോഡിന്റെ ഉന്നത നിലവാരത്തിലുള്ള പുനരുദ്ധാരണം വഴി  ജില്ലയിലെ പ്രധാനതീര്‍ഥാടന കേന്ദ്രങ്ങളായ ശബരിമല, മലയാലപ്പുഴ, ആലുവാങ്കുടി തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും, അടിയന്തര ഘട്ടങ്ങളില്‍ കോന്നി മെഡിക്കല്‍ കോളജിലേക്കും ഈ മേഖലയിലുള്ളവര്‍ക്ക് അതിവേഗം എത്തിചേരുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്. 2019-2020 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടര കോടി രൂപ ചെലവഴിച്ചാണ് ബിഎം-ബിസി നിലവാരത്തില്‍ റോഡ് നിര്‍മാണം നടത്തിയിട്ടുള്ളത്. തണ്ണിത്തോട് നിന്നു കരിമാന്‍തോട് വരെയുള്ള 6.2 കി.മീ.റോഡിന്റെ അവസാനത്തെ 2.2 കി.മീ. റോഡിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. ആദ്യ 4 കി. മീ. തദേശസ്വയംഭരണ വകുപ്പിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പുനരുദ്ധാരണം പുരോഗമിച്ചു വരുന്നു.