പുതിയ കാലത്തെ പത്തനംതിട്ടയുടെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരും ഇപ്പോഴത്തെ രണ്ടാം മന്ത്രിസഭയും നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തതില്‍ അഭിമാനമേയുള്ളു. അന്തസോടെയാണ് മാധ്യമ പ്രവര്‍ത്തനം നടത്തിയതെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടമല്ല നൂറു വട്ടവും പറയും ഒരാളുടേയും മുന്നില്‍ തലകുനിച്ചിട്ടില്ല. ഒരാള്‍ക്കു മുന്‍പിലും മുട്ടുമടക്കിയിട്ടില്ല. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ട്. എന്നാല്‍ അവയൊന്നും വിലപ്പോവില്ല. കാരണം ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പമാണുള്ളത്. ഏഴേകാല്‍ കോടി രൂപ ചിലവില്‍ കുമ്പഴ പ്ലാവേലില്‍ റോഡ് നവീകരിക്കും. കുമ്പഴ – വെട്ടൂര്‍ റോഡ് ബി.എം ബി.സി നിലവാരത്തില്‍ ഉയര്‍ത്തും.

കുമ്പഴ – പത്തനംതിട്ട റോഡിന് അനുമതി ആയിട്ടുണ്ട്. ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് കിഫ്ബിയുടെ ധനാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയാണ്. പത്തനംതിട്ടയില്‍ പുതിയ സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല അക്യുസിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കുമ്പഴ മത്സ്യ മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന് കിഫ്ബി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അവയുടെ അവസാന ഘട്ട രൂപരേഖ തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നവീകരണം ഏറ്റവും ആവശ്യമായിരുന്ന വികസന പ്രവര്‍ത്തനങ്ങളിലൊന്നാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ജനങ്ങള്‍ ഏറെ ആശ്രയിച്ചിരിക്കുന്ന റോഡാണ് കുമ്പഴ -മലയാലപ്പുഴ റോഡ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച സേവന പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.