അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ജൂനിയര്‍ റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന കോഴ്‌സിന്റെ കാലാവധി രണ്ടുമാസമാണ്. ഫോണ്‍: 9745479354.
സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.
2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനതല മോണിറ്ററിങ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയ മേല്‍നോട്ട ചുമതല. പ്രത്യേക ജഡ്ജിങ് കമ്മിറ്റി അപേക്ഷകള്‍ വിലയിരുത്തും. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും.
അപേക്ഷാ ഫോറവും മറ്റു മാര്‍ഗ നിര്‍ദ്ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in ല്‍ ലഭിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ഏപ്രില്‍ 20നകം അപേക്ഷ ലഭിക്കണം. ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍ – 029/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍ സി എ – എസ് ഐ യു സി നാടാര്‍ – 045/2021) തസ്തികയിലേക്ക് പി എസ് സി 2022 ആഗസ്ത് ആറ്, 27, സപ്തംബര്‍ 17 തീയതികളില്‍ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
സഹകരണ സംഘം ബില്‍ സെലക്ട് കമ്മിറ്റി യോഗം 17ന്
2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 17ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org) ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ഇ മെയിലായും (legislation.kla@gmail.com) സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചുകൊടുക്കാവുന്നതുമാണ്.
വാഹന പരിശോധന മാറ്റി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്പര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13 മുതല്‍ 18 വരെ തോട്ടട എസ് എന്‍ കോളേജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന പരിശോധന 18 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്താണ് പരിശോധന. കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥന്‍മാര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം നിശ്ചിത തീയതികളില്‍ ഹാജരാകണം. തീയതി, പാര്‍ക്കിങ് നമ്പര്‍ എന്ന ക്രമത്തില്‍.
ഏപ്രില്‍ 18 – 2601 മുതല്‍ 2700 വരെ, 19 – 2501 മുതല്‍ 2600 വരെ, 24 – 2401 മുതല്‍ 2500 വരെ, 25 – 2301 മുതല്‍ 2400 വരെ, 27 – 2201 മുതല്‍ 2300 വരെ, 28 – 2100 മുതല്‍ 2200 വരെ, 29 – 2000 മുതല്‍ 2100 വരെ. ബാക്കിയുള്ള വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന തീയതി ആര്‍ ടി ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിശ്ചിത തീയതിയില്‍ പരിശോധനക്ക് ഹാജരാക്കുവാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്. ഫോണ്‍: 0497 2700566. പെര്‍മിറ്റിലുള്ളതു പ്രകാരം പാര്‍ക്കിങ് പ്ലേസ് മുന്‍ഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂര്‍ ടൗണ്‍ പാര്‍ക്കിങ് ഉള്ള വണ്ടികള്‍ മാത്രം മുന്‍ഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതല്‍ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം. കൂടാതെ കോര്‍പ്പറേഷന്‍ എബ്ലം വരച്ച് പാര്‍ക്കിങ് നമ്പര്‍ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെര്‍മിറ്റിന്റെയും അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി തുടങ്ങുന്ന ഹസ്വകാല കോഴ്‌സായ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ് സി/എസ് ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന . പ്രായപരിധി 18 – 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543, 9072600013.
ക്വട്ടേഷന്‍
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസില്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും മരങ്ങളുടെ ചെറു ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 20ന് രാവിലെ 11 മണിക്കകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700184.
ടെണ്ടര്‍
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂര്‍ മുത്തത്തി, പാട്യം ചെറുവാഞ്ചേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 25ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസില്‍ ലഭിക്കും.
വാഹനം ആവശ്യമുണ്ട്
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരി ഡെകെയര്‍ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) ആറ് മാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 25ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസില്‍ ലഭിക്കും.
വൈദ്യുതി മുടങ്ങും
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിപ്പായി, നിടുവാലൂര്‍, സോമേശ്വരി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാറമേല്‍ മുച്ചിലോട്ട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഏപ്രില്‍ 12 ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പാലത്തറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിത്തോട് , മോഹിനി റോഡ്, ജമായത്ത് സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 12 ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.