കൊച്ചി: പ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ചേരാനെല്ലൂര്‍ പഞ്ചായത്തിന് തണല്‍ ഒരുക്കി ഹൈബി ഈഡന്‍ എം.എല്‍.എ. തണല്‍  ഭവനപദ്ധതിയിലെ ആദ്യ വീടിന് എം.എല്‍.എയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍  ഭാരവാഹികളും ചേര്‍ന്ന്  തറക്കല്ലിട്ടു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലുമായി സഹകരിച്ചാണ് തണല്‍ പദ്ധതിക്ക് ആരംഭം കുറിച്ചത്.
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പുതിയ വീട് നിര്‍മ്മിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് എം.എല്‍.എ നടപ്പിലാക്കുന്ന ചേരാം ചേരാനല്ലൂരിനൊപ്പം എന്ന പദ്ധതിയിലാണ് തണല്‍ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഗോഡൗണ്‍ റോഡില്‍ താമസിക്കുന്ന വിധവയായ കമലാക്ഷി ബാലകൃഷ്ണന്റെ (79) വീടിന് തറക്കല്ലിട്ട് കൊണ്ടാണ് തണല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രായമേറെയുള്ള അവിവാഹിതരായ നാല് മക്കളും കമലാക്ഷിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഏറെ പഴക്കം ചെന്ന്  പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഇവരുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. കുടുംബാംഗങ്ങളില്‍  മൂന്നു പേര്‍ മാനസിക വൈകല്യമുള്ളവരുമാണ്. മക്കള്‍ ലോട്ടറി വിറ്റ് ലഭിക്കുന്ന തുച്ഛമായ തുകയും കമലാക്ഷിയുടെ വാര്‍ദ്ധക്യകാല പെന്‍ഷനുമാണ് കുടുംബത്തിന്റെ വരുമാനം. പഞ്ചായത്ത് അംഗം ഷിമ്മി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പഴയ വീട് പൊളിച്ച് മാറ്റിയിരുന്നു.
ചേരാനല്ലൂര്‍ പഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയിലേക്ക് ആദ്യമായി കമലാക്ഷിയെ തിരഞ്ഞെടുത്തത് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍  സംഘടനകളുടെയും വ്യക്തികളുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്. നഗരത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ചേരാനല്ലൂര്‍ പഞ്ചായത്തിനെ എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കുക എന്നതാണ് തന്റെ  ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തിലെ തകര്‍ന്ന മുഴുവന്‍ വീടുകളും എം.എല്‍.എ നേരിട്ട്  സന്ദര്‍ശിക്കുന്നുണ്ട്.
തണല്‍  പദ്ധതിയിലെ ആദ്യ ഭവനം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെ ജനകീയ ഭവന പദ്ധതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ മൂന്ന് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.  കമലാക്ഷിയുടെ വീടിന്റെ പണി കൂടാതെ 17-ാം വാര്‍ഡില്‍  പൂര്‍ണ്ണമായി തകര്‍ന്ന ഒരു വീട് നിര്‍മ്മിക്കുന്നതിനും ഒരു വീട് പുനരുദ്ധാരണം ചെയ്യുനതിനും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍  തുക അനുവദിക്കും. ആദ്യ വീടിന്റെ നിര്‍മ്മാണത്തിലെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയും 17-ാം വാര്‍ഡിലെ   പുനരുദ്ധാരണം നടത്തേണ്ട വീടിന്റെ ആദ്യ ഗഡുവായ 50,000 രൂപയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഭാരവാഹികള്‍ അതാത് വാര്‍ഡ് അംഗങ്ങള്‍ക്ക് കൈമാറി.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ.പിയൂസ് എ കോട്ടം, ഡോ.തോമസ് മാത്യു, ഇ.പി. ജോര്‍ജ്, ഷിബു ഫിലിപ്പ്, ആശ സുനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിന്‍സി ഡേറിസ്, ജോണ്‍സണ്‍ മാളിയേക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ഷിമ്മി ഫ്രാന്‍സിസ്, കെ.ജി രാജേഷ്, ബെന്നി ഫ്രാന്‍സിസ്, ലിസി വാര്യത്ത്, ലിസ ജോളി, അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.