കോതമംഗലം: ഇടിഞ്ഞ് വീഴാറായ ചെറിയൊരു ഭാഗം മാത്രമാണ് മേരി സ്‌കറിയയുടെ വീട്ടില്‍ അവശേഷിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വന്നതുമുതല്‍ വീടിന്റെ തറയുടെ മുകളില്‍ ഒരു ഷീറ്റ് വലിച്ച് കെട്ടിയായിരുന്നു മേരിയും അവരുടെ മകനും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സര്‍ക്കാരില്‍ നിന്നും പുതിയ വീട് പണിത് ലഭിക്കുന്നത് വരെ പോലും ഇവിടെ ഇനി കഴിയാന്‍ സാധിക്കില്ല. ഒരു നല്ല കാറ്റ് വന്നാല്‍ പോലും വീടിന്റെ ബാക്കി ഭാഗം ഇടിഞ്ഞ് ഷീറ്റിനടിയില്‍ കിടക്കുന്നവരുടെ മേല്‍ പതിക്കും. രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യും എന്ന് ആധിപിടിച്ചിരിക്കുമ്പോഴാണ് കീരംപാറ പഞ്ചായത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലികമായി വീടുകള്‍ പണിത് കൊടുക്കുന്ന പദ്ധതിയില്‍ മേരിയും കുടുംബവും ഉള്‍പ്പെട്ടത്. രാത്രയില്‍ പേടിയില്ലാതെ കിടന്നുറങ്ങാമെന്നുള്ള സന്തോഷമാണ് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രളയത്തില്‍ സകലതും നശിച്ച് പോയ 13 കുടുംബങ്ങള്‍ക്ക് താല്‍ക്കാലികമായി തലചായ്ക്കാക്കാനൊരിടം ഒരുങ്ങുകയാണ് കീരംപാറ പഞ്ചായത്തില്‍. പട്ടയമില്ലാത്ത പുറംപോക്ക് ഭൂമിയില്‍ വര്‍ഷങ്ങളായി വീട് വച്ച് താമസിച്ചിരുന്നവര്‍ക്കാണ് പ്രളയത്തില്‍ വീടുള്‍പ്പെടെ സകലതും നഷ്ടപ്പെട്ടത്. ആന്റണി ജോണ്‍ എം.എല്‍.എയുടെയും സന്നദ്ധ പ്രവര്‍ത്തകനായ ബേബി.എം.വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് താല്‍ക്കാലിക ഭവനം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
പട്ടയമില്ലാത്ത ഭൂമിയിലുള്ള വീടുകളായതിനാല്‍ തന്നെ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് വളരെ അധികം സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അത് കൊണ്ട് സ്ഥിരമായുള്ള താമസ സൗകര്യം  ലഭിക്കുന്നതിന് കാല താമസം നേരിടാനും സാധ്യതയുണ്ട്. ഈ അവസരത്തിലാണ് 13 കുടുംബങ്ങളെയും താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്.
കീരംപാറ പഞ്ചായത്ത് വില്ലേജ് അധികാരികള്‍ കണ്ടെത്തിയ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഭൂതത്താന്‍കെട്ട് പെരിയാര്‍ വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലാണ് താല്‍ക്കാലിക ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്. കൂരികുളം, പാലമറ്റം, ചാരുപാറ, തോട്ടുപാറ പ്രദേശങ്ങളിലായാണ് ഈ വീടുകള്‍.രണ്ട് ലക്ഷം രൂപയ്ക്കടുത്ത് ഓരോ വീടിനും നിര്‍മ്മാണ ചിലവ് വരും. രണ്ട് കിടപ്പ് മുറികളും അടുക്കളയും അടങ്ങുന്നതാണ് വീട്.മേല്‍ക്കൂര ഷീറ്റ് കൊണ്ടാണ് നിര്‍മ്മിക്കുന്നത്.
മുംബൈ ഒബ്‌റോയ് അപ്പാര്‍ട്ട്‌മെന്റിലെ മലയാളികളും കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിലെ 1996 ബാച്ചിലെ എച്ച്.എല്‍.ടി ടീമും ചേര്‍ന്നുള്ള കൂട്ടായ്മയും വീട് നിര്‍മ്മാണത്തിന് പിറകിലുണ്ട്. എല്‍ദോ മാര്‍ ബസേലിയോസ് കോളേജ്, പുതുപ്പാടി മരിയന്‍ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.