കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 4736 ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള 5.12 കോടി രൂപയുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി, ബീഡി, ഈറ്റപ്പന, തയ്യല്‍ തുടങ്ങിയ പരമ്പരാഗത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാ തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കും.
ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഇ-ഓഫീസ് മുഖാന്തിരമാണ് നടത്തിവരുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷേമനിധി അംഗങ്ങള്‍ക്ക് നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ടതില്ല. ഇതിനായി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ കംപ്ലൈയിന്റ് പോര്‍ട്ടല്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വളരെ സുതാര്യമായാണ് ആനുകൂല്യ വിതരണം നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി. രാജമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ഇ.ജി മോഹനന്‍, സുന്ദരന്‍ കുന്നത്തുള്ളി, ഡി. അരവിന്ദാക്ഷന്‍, കെ.എസ് സനല്‍കുമാര്‍, നെടുവത്തൂര്‍ സുന്ദരേശന്‍, എന്‍.സി ബാബു, കെ.എന്‍ ദേവരാജന്‍, കെ.കെ ഹരിക്കുട്ടന്‍, സതി കുമാര്‍, അജിത കുമാരി, ബിന്ദു സി., ചന്ദ്ര എന്‍.കെ, ബീനാമോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.