എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വൈദ്യുതി കുറഞ്ഞ അളവില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതകളും വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെ വൈദ്യുതി ലാഭിച്ച് ഉപയോഗിക്കാം തുടങ്ങിയവ വിവരിച്ച് കെ.എസ്.ഇ.ബി സ്റ്റാള്‍ ഉപകാരപ്രദമാകുന്നു. വീടുകളില്‍ വൈദ്യുതി ലാഭിക്കാന്‍ ഏത് തരം ബള്‍ബുകള്‍ ഉപയോഗിക്കാമെന്നും വൈദ്യുതി വകുപ്പിന്റെ ഏറ്റവും പുതിയ ഉപകരണമായ ഹൈഡ്രോളിക് ഏരിയല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനവും സാധ്യതകളും സറ്റാളില്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി പരിജയപ്പെടുത്തുന്നു.

ഫാനുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വോള്‍ട്ടേജ് കുറവുള്ള ബി.എല്‍.ഡി.സി ഫാനുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, പുതിയ ജനറേഷന്‍ സ്മാര്‍ട്ട് മീറ്ററുകള്‍, ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ പ്രാധാന്യം, ചുരുങ്ങിയ സ്ഥലത്ത് പണിയുന്ന കണ്ടെയ്‌നര്‍ സബ് സ്റ്റേഷന്‍, ഇ-ചാര്‍ജ്ജിങ് സംവിധാനം തുടങ്ങിയവ പരിചയപ്പെടുത്തുകയും വൈദ്യുതി സുരക്ഷയെ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുകയും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് എങ്ങനെ വൈദ്യുതി ലാഭിക്കാമെന്നും സ്റ്റാളിലൂടെ ഉദ്യോഗസ്ഥര്‍ പറയുന്നു.

വൈദ്യുതി അപകടങ്ങള്‍ തടയാന്‍ ബോധവത്ക്കരണം

വൈദ്യുതി കമ്പികളില്‍ നിന്ന് അപകടം ഉണ്ടാവുന്നത് തടയുന്നതിനുള്ള സുരക്ഷ വിവരങ്ങള്‍, വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവയും നേരിട്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിചയപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡ് പ്രസരണ വിഭാഗം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ പരിചയപെടുത്തുന്നതോടൊപ്പം അട്ടപ്പാടി ഗ്രീന്‍ എനര്‍ജി കോറിഡോറും അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളും നിക്ഷേപ സാധ്യതകളും സറ്റാളില്‍ പരിചയപെടുത്തുന്നു.

വൈദ്യുതി അപകടങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനായി വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രവര്‍ത്തനങ്ങളും വൈദ്യുതി അപകടങ്ങള്‍ കണ്ടാല്‍ വിളിക്കാനുള്ള നമ്പറുകള്‍, വൈദ്യുതി അപകടങ്ങളില്‍ അടിയന്തരമായി ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട ഓരോരുത്തരും അറിയേണ്ട എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കെ.എസ്.ഇ.ബി സ്റ്റാള്‍. ഒരേസമയം അറിവും സുരക്ഷയും പങ്കുവെക്കുന്നതോടൊപ്പം കാറ്റില്‍ നിന്നും ജലത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതികളും പൊതുജനങ്ങള്‍ക്ക് സ്റ്റാളിലൂടെ അറിയന്‍ കഴിയും.