‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് പ്രചാരണപരിപാടികള്‍ ഊര്‍ജിതമാക്കണമെന്നും സ്‌കൂളുകളില്‍ ഉറവിടമാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

ജൈവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം. ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ശുചിത്വ മിഷന്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

വീടുകളില്‍ സ്ഥലം ഉള്ളവര്‍ക്കു കമ്പോസ്റ്റ് സ്ഥാപിക്കാനും സ്ഥലപരിമിതി ഉള്ളവര്‍ക്ക് ബയോ ബിന്നുകള്‍ നല്‍കാനും ധാരണയായി. ഹരിത അയൽക്കൂട്ടങ്ങള്‍ രൂപീകരിക്കണം. പൊതു സ്ഥാപനങ്ങള്‍ ഹരിത ഓഫീസുകളാക്കാനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.