കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിലേക്കായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തങ്ങളുടെ ഭാഗമായി നടത്തിയ പനമ്പിള്ളിനഗറിലെ എക്സിബിഷൻ സമാപിച്ചു. ഉറവിട മാലിന്യ സംസ്കാരണത്തിന് വേണ്ട ഉപകരണങ്ങളുടെ പ്രദർശനം കാണാൻ പത്തു വാർഡുകളിൽ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി നഗരവാസികളാണ് എത്തിയത്.
സാങ്കേതിക സഹായത്തിനായി ശുചിത്വ മിഷന്റെ അംഗീകാരം നേടിയ 12 ഏജൻസികൾ എക്സിബിഷനിൽ അവരുടെ മിഷ്യനുകൾ പ്രദർശിപ്പിക്കുകയും സന്ദർശകരുടെ സംശയങ്ങൾക്ക് പരിഹാരം നിർദേശിക്കുകയുമുണ്ടായി. ‘വേസ്റ്റ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ രണ്ട് ദിവസം ഇതിനോടാനുബന്ധിച്ചു നടന്ന സെമിനാറുകൾ കൂടുതൽ പ്രയോജനകരമായിരുന്നു. കുസാറ്റിലെ പ്രോ: ഡോ. പി ഷൈജു, ഡോ. സി എൻ മനോജ്, സക്കറിയ, ശുചിത്വ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.എസ് അമീർഷ എന്നിവർ സെമിനാറുകളിൽ പങ്കെടുത്തു.
എറണാകുളം ഓൾ ഇന്ത്യ റേഡിയോ എഫ് എം കൊച്ചി, റെസിഡന്റ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് എല്ലാ ദിവസവും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പനമ്പിള്ളി നഗറിന്റെ പരിസര പ്രദേശങ്ങൾ അടക്കമുള്ള റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം എക്സിബിഷൻ ശ്രദ്ധേയമായി. പനമ്പിള്ളി നഗറിലെ കുട്ടികൾ രൂപകൽപ്പന ചെയ്ത zero waste@kochi എന്ന സ്റ്റിക്കർ വീടുകളിൽ പതിക്കുന്നതിനായി പ്രകാശനം ചെയ്തു.
സമാപന സമ്മേളനം മേയർ അഡ്വ: എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരസഭയുടെ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റനീഷ്, കൗൺസിലറായ ലതിക ടീച്ചർ , ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി എച്ച് ഷൈൻ എന്നിവർ പങ്കെടുത്തു.
പി.എൻ.ആർ അസോസിയേഷൻ സെക്രട്ടറി മീന ബഞ്ചമിൻ നന്ദി രേഖപ്പെടുത്തി. വിവിധ കലാപരിപാടികളോടെ പ്രദർശന മേള അവസാനിച്ചു.