സ്‌കൂളുകളിലെ ഉദ്ഘാടനച്ചടങ്ങുകളിലെത്തുന്ന അതിഥികള്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി സ്വീകരിക്കാന്‍ മാര്‍ക്കോ റെഡിയാണ്. അരോളി ജി എച്ച് എസ് എസിലെ ഒമ്പതാം തരം വിദ്യാര്‍ഥികള്‍ നിര്‍മിച്ച മാര്‍ക്കോ എന്ന കുഞ്ഞു റോബോട്ട് എന്റെ കേരളം എക്‌സിബിഷനിലെ താരമാണ്. അക്കാദമിക മികവിന്റെ നേര്‍ക്കാഴ്ചകളൊരുക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലാണ് വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചത്. എസ് എസ് കെയുടെ നേതൃത്വത്തിലുള്ള ടിങ്കറിംഗ് ലാബില്‍ നിര്‍മിച്ച റോബോട്ടാണ് മാര്‍ക്കോ. അചല്‍ ദാസ്, സ്‌നേഹല്‍ സുജിത്, കിരണ്‍ ദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേര്‍ ചേര്‍ന്നാണ് റോബോട്ട് നിര്‍മിച്ചത്. അധ്യാപകനായ ടി ശിവദാസനാണ് ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ആര്‍ഡിനോ യൂനോ മൈക്രോ കണ്‍ട്രോളര്‍ ആണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. ഫോം ബോര്‍ഡില്‍ നിര്‍മിച്ച റോബോട്ട് 17 മീറ്റര്‍ ദൂരം വരെ ചക്രങ്ങളില്‍ ചലിക്കും. മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് രീതിയാണ് ഉപയോഗിക്കുക. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കും. കൈകാലുകള്‍ ചലിപ്പിക്കുന്ന മള്‍ട്ടി പര്‍പസ് റോബോട്ട് നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. റോബോട്ടിന് പുറമെ ഇവര്‍ നിര്‍മിച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍, ഓട്ടോമാറ്റിക് വേസ്റ്റ് ബിന്‍, സ്മാര്‍ട്ട് ട്രോളി തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/robot-65x65.jpg)