ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക്‌സ് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിക്കാൻ കഴിയും. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് എറ്റവും കൂടുതൽ സൗജന്യ ചികത്സാ നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനായി ആയിരത്തി നാനൂറ് കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. നവകേരളം കർമപദ്ധതി-2 ന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതിയിലൂടെ
ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വാർഷിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള ഒരു കോടി അറുപത്തിയൊമ്പത് ആളുകളിൽ ഒരു കോടി പതിനൊന്നു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി.ഹെൽത്ത് സെന്റർ പരിസരത്ത് കൂടിയ യോഗത്തിൽ എം.എൽ.എ എച്ച് സലാം അധ്യക്ഷത വഹിച്ചു.

എ. എം ആരിഫ് എം. പി. മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മ പദ്ധതിയുടെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ മുടക്കി നവീകരിച്ച ഒ പി കെട്ടിടത്തിന്റെയും ബ്ലോക് പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് വിഹിതമായി 16 ലക്ഷം രൂപ അടങ്കലിൽ നവീകരിച്ച ലാബിന്റെയും ശീതികരിച്ച മോഡുലാർ ഫാർമസിയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. അഞ്ചു,ഗീത ബാബു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശോഭാ ബാലൻ,എസ് ഹാരിസ്, എ. എസ്.സുദർശൻ,പി.ജി.സൈറസ്, സജിത സതീശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്,
ഗവ ടി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ. സുമ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ആർ. രാധാകൃഷ്ണൻ,അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. വി.ജി. അനുപമ, ടി ഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വൈസ് പ്രിൻസിപ്പാൾ ഡോ.ആർ.എസ്. നിഷ മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സി.എച്ച്.സി മുതുകുളത്തെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും തകഴി, നീലംപേരൂർ പി.എച്ച്.സികളുടെ പുതിയ കെട്ടിടത്തിൻരെ ശിലാസ്ഥാപനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.