രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിപണന സാധ്യതയുള്ളതാണ് കയര്‍ ഉത്പന്നങ്ങള്‍. ഗുണമേന്മ മനസിലാക്കി കയര്‍ ഉത്പന്നങ്ങള്‍ തേടിപ്പിടിച്ച് വാങ്ങുന്നവരും അനവധി. ഇത്തരക്കാരെ കാത്തിരിക്കുകയാണ് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കയര്‍വകുപ്പിന്റെ സ്റ്റാളുകള്‍. കയര്‍ ഫെഡ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്.
കയര്‍ ഫെഡ് സ്റ്റാളില്‍ 13 രൂപയുടെ ചെടിച്ചട്ടി മുതല്‍ 10000 രൂപയുടെ മെത്തകള്‍ വരെ ലഭ്യമാണ്. ചകിരിവളത്തിനാണ് ആവശ്യക്കാര്‍ ഏറെ. 10 കി.ഗ്രാം ചകിരി വളത്തിന് 143 രൂപയാണ് വില. ചകിരിയും ലാറ്റക്‌സും ഉപയോഗിച്ചുള്ള  ചെടിച്ചട്ടികളും സന്ദര്‍ശകര്‍ക്ക് പ്രിയമുള്ളതാണ്. ഏറ്റവും ചെറിയ ചട്ടിക്ക് 13 രൂപയും ഇടത്തരം വലിപ്പമുള്ളതിന് 35 രൂപയും വലിയ ചട്ടിക്ക് 61 രൂപയുമാണ് വില. ഇവക്ക് പുറമെ ഊഞ്ഞാല്‍, കാര്‍ കുഷ്യന്‍, ചവിട്ടികള്‍, ബാത്ത് മാറ്റ്, തലയണ, കയര്‍ ടൈല്‍ തുടങ്ങിയവയും സ്റ്റാളില്‍ ലഭ്യമാണ്. 100 രൂപ മുതല്‍ 6000 രൂപവരെയുള്ള കയര്‍ ഉല്‍പ്പന്നങ്ങളാണ് കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സ്റ്റാളില്‍ ഉള്ളത്. യോഗ മാറ്റ്, ഗ്രോ ബാഗ്, മാറ്റുകള്‍, മെത്ത, ഊഞ്ഞാല്‍ എന്നിവ സ്റ്റാളില്‍ ലഭ്യമാണ്.