താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആർദ്രം മിഷനിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാൽ 60 ശതമാനത്തിന് മുകളിൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ചേർത്തല ആശുപത്രിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു മികച്ച ആശുപത്രിയായി മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്. പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതൽ ശാക്തീകരിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക, സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗര ആരോഗ്യ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി. എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ, മുനിസിപ്പൽ സെക്രട്ടറി ടി. കെ സുജിത്ത്, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ആർ രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഡീവർ പ്രഹ്ലാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

46 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരാരോഗ്യ കേന്ദ്രം നിർമിച്ചത്.