യുവതയുടെ പുത്തൻ ആശയങ്ങൾക്ക് ചിറകു നൽകി എന്റെ കേരളം മെഗാ എക്സിബിഷൻ. യുവതയുടെ കേരളം എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്റ്റാളുകളാണ് എക്‌സിബിഷനിലെ തിരക്കേറുന്ന ഇടം. കെ ഡിസ്‌ക്, കെയ്‌സ്, ഒഡെപെക്, ഐടി ഐ, അസാപ് ,വിദ്യാഭ്യാസ വകുപ്പ്, നോളജ് ഇക്കോണമി തുടങ്ങിയ സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു.
കെ ഡിസ്‌കിന്റെ പ്രധാന പദ്ധതിയായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ കോളേജ് വിദ്യാർഥികൾക്ക് വിവിധ പ്രോജക്ടുകൾ തയ്യാറാക്കാം. കല, സംസ്‌കാരം, കൃഷി, മൃഗസംരക്ഷണം, ബയോടെക്‌നോളജി, മോഡേൺ മെഡിസിൻ തുടങ്ങി വൈവിധ്യമാർന്ന 22 മേഖലകളിലെ യഥാർത്ഥ ജീവിത പ്രശ്‌നങ്ങൾക്ക് നൂതന പരിഹാര മാർഗങ്ങൾ ആശയങ്ങളായി സമർപ്പിക്കുവാനുള്ള തത്സമയ അവസരമാണ് ലഭിക്കുക. സ്റ്റാളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വൈ ഐ പി ആപ്ലിക്കേഷൻ ഡൗൺ ചെയ്യാം. ആശയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കേരള ഫോക് ലോർ അക്കാദമി തുടങ്ങിയ മെന്ററിംഗ് സെൻററുകളിൽ പരിശീലനം ലഭിക്കും. ജില്ലയിലെ എമെർജിങ് ടെക്നോളജീസ്, സോഷ്യൽ ഇൻക്ല്യൂഷൻ പ്രോഗ്രാംസ്, മഴവില്ല്, വിവിധ പദ്ധതികളെ പറ്റിയുള്ള പ്രദർശനവും ഇവിടെയുണ്ട്.
പൊതുമേഖലയിലെ ആദ്യ റിക്രൂട്ടിങ് ഏജൻസി ആയ ഒഡെപെക്കിന്റെ സ്റ്റാളിൽ തൊഴിലിനും അഭിരുചിക്കും മുൻതൂക്കം നൽകിയുള്ള സെഷനുകളാണ് ഉള്ളത്. റിക്രൂട്‌മെന്റ് സർവീസ്, ട്രെയിനിങ് സർവീസ് ട്രാവൽ സർവീസ്,നാഷണൽ ഇന്റർനാഷണൽ ടൂർ പാക്കേജ്, വിദേശത്തുള്ള പഠനം, സ്‌കോളർഷിപ് സ്‌കീമുകൾ എന്നിവയെ നേരിട്ടറിയാം.
അഭിരുചിക്കനുസരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന സ്‌കിൽ രജിസ്ട്രി ആപ്പ് പരിചയപ്പെടുത്തുകയാണ് സംസ്ഥാന നൈപുണ്യ വികസന മിഷൻ ഒരുക്കിയ സ്റ്റാളിൽ. പ്ലംബർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ, ജിം ട്രെയിനർ തുടങ്ങിയ 42ലധികം സേവനങ്ങൾ നൽകുന്ന ആപ്പിനെ കുറിച്ചന്വേഷിച്ച് നിരവധി പേരാണ് സ്റ്റാളിലേക്ക് എത്തുന്നത്. ഇതിനു പുറമെ ജില്ലാ സ്‌കിൽ കമ്മറ്റി, സ്റ്റേറ്റ് ജോബ് പോർട്ടൽ, എസ് സി എസ് ടി സൗജന്യ പരിശീലനപദ്ധതി, സങ്കൽപ് പദ്ധതി, വിദേശ പഠന സാധ്യതകൾ എന്നിവയെ പറ്റിയുള്ള ബോധവത്കരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന എൻ ടി ടി എഫ് സ്റ്റാളിൽ ഓട്ടോമാറ്റിക്ക് വിസിറ്റിംഗ് കാർഡ് ഡിസൈനിങ് മെഷിൻ, പെയിന്റിംഗ് റോബോട്ട്, ഓട്ടോമാറ്റിക് ഡ്രോയിങ് മെഷീൻ തുടങ്ങി വിദ്യാർഥികൾ നിർമ്മിച്ച പ്രൊജക്റ്റ് മോഡലുകൾ, വർക്കിംഗ് മോഡലുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാല സ്റ്റാളിൽ വിവിധ പഠനവിഭാഗങ്ങളിലേക്കും സെന്ററുകളിലേക്കും നടക്കുന്ന അഡ്മിഷൻ സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷനും സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. കൂടാതെ സർവ്വകലാശാല ബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്ത് വിജയകരമായി പോകുന്ന കമ്പനികളുടെ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന സെഷനും ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാല സ്റ്റാളിൽ വിവിധ പഠനവിഭാഗങ്ങളിലേക്കും സെന്ററുകളിലേക്കും നടക്കുന്ന അഡ്മിഷൻ സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷനും സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. കൂടാതെ സർവ്വകലാശാല ബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്ത് വിജയകരമായി പോകുന്ന കമ്പനികളുടെ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന സെഷനും ഒരുക്കിയിട്ടുണ്ട്.