ആവശ്യക്കാർക്ക് തത്സമയം എൽഇഡി ബൾബ് നിർമ്മിച്ചു കൊടുക്കും. നിർമ്മാണ പ്രക്രിയ പരിചയപ്പെടുത്തുകയും ചെയ്യും. ‘എന്റെ കേരളം’ മെഗാ എക്സിബിഷനിൽ കണ്ണൂർ ഗവ. ഐടിഐ വിദ്യാർഥികളാണ് എൽഇഡി ബൾബ് ഉൾപ്പെടെ വിവിധ തരം ഉൽപന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും വിപണനവും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. എൽഇഡി ബൾബിന് പുറമെ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ നിർമ്മിച്ച സ്പീക്കറുകൾ, ആംപ്ലി ഫയറുകൾ, എഫ് എം റേഡിയോ, വിവിധ ട്രെയിനർ കിറ്റുകൾ, സെൻസറുകൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഫിൽറ്റർ ട്രേഡ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഗാന്ധിജി, ചാരു കസേര, ബുള്ളറ്റ് തുടങ്ങിയ നൂറിൽ പരം രൂപങ്ങൾ കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത സെൻസറുകൾ, ബസിന്റെ എയർ ഡോർ സംവിധാനം, വിവിധ സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ വിദ്യാർഥികൾ കാഴ്ചക്കാർക്ക് വിവരിച്ചു കൊടുക്കുന്നു. വിദ്യാഭ്യാസത്തിന്റെ അളവുകോൽ ഉത്തരക്കടലാസുകളാണെന്ന പഴഞ്ചൻ ധാരണയെ പൊളിച്ചെഴുതുകയാണിവർ.